നവീൻ ബാബുവിനെ പോലെ കണ്ണൂരില്‍ 17 വര്‍ഷം മുമ്പ് ജീവനൊടുക്കിയ ആർടിഒ പുരുഷോത്തമനെ ഓർമ്മയുണ്ടോ?ഏജന്റ് മാഫിയകളും രാഷ്ട്രീയ നേതാക്കളും ചേർന്ന് ഒരുക്കിയ കെണിയിൽ വീഴ്ത്തിയതാണ്: പുരുഷോത്തമന്റെ മരണത്തിൽ ഒരു പുനരന്വേഷണം വന്നാൽ പല വമ്പൻമാരും കുടുങ്ങും.
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ചർച്ചയായി തുടരുമ്പോള്‍ 17 വർഷം പിന്നിലേക്ക് സഞ്ചരിച്ചാല്‍ ഏതാണ്ട് സമാനമായ രീതിയില്‍ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍റെ മരണവും കണ്ടെത്താം.
2007 ജൂണ്‍ മൂന്നിന് അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമനെയായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എഡിഎം നവീൻ ബാബുവിനെ അദ്ദേഹത്തിന്‍റെ തന്‍റെ ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെങ്കില്‍ കെ.എം. പുരുഷോത്തമനെ തന്‍റെ ഓഫീസ് മുറിതന്നെയായിരുന്നു സമാനരീതിയില്‍ ജീവിതമവസാനിപ്പിക്കാൻ തെരഞ്ഞെടുത്തത്. പയ്യന്നൂർ പിലാത്തറ സ്വദേശിയായ അദ്ദേഹത്തിന്‍റെ മരണം ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു.
കാൻസർ രോഗിയായിരുന്ന പുരുഷോത്തമൻ തിരുവനന്തപുരത്ത് പോയി അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ട് തിരിച്ചെത്തിയ ശേഷമാണ് ജില്ലാ പോലീസ് ആസ്ഥാനത്തോട് ചേർന്നുള്ള റീജണണല്‍ ട്രാൻസ്പോർട്ട് ഓഫീസിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചത്. രാവിലെ ഓഫീസില്‍ എത്തിയ ജീവനക്കാരനാണ് പുരുഷോത്തമന്‍റെ മൃതദേഹം ആദ്യം കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നത്തെ പോലെ മാധ്യമ ശ്രദ്ധ ശക്തമല്ലാതിരുന്ന അന്ന് പുരുഷോത്തമന്‍റെ മരണം ഒരു വിവാദമാകുകയോ വലിയ തലത്തില്‍ വാർത്തകളില്‍ ചർച്ചയാകുകയോ ചെയ്തിരുന്നില്ല. കണ്ണൂരിലെ വിവാദ നായകനായ ഒരു മോട്ടോർ വാഹന ഏജന്‍റ് ഒരുക്കിയ കുരുക്കുകളെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് പുരുഷോത്തമനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
ഏജന്‍റിനു വേണ്ടി ഉന്നതനായ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ പരസ്യമായ അപമാനിക്കലിന് പുരുഷോത്തമൻ ഇരയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കാൻസർ ചികിത്സയിലായിരുന്ന പുരുഷോത്തമനെതിരെ ആസൂത്രിതമായ ചില നീക്കങ്ങള്‍ നടന്നിരുന്നതായും പറയപ്പെട്ടിരുന്നു.
ഉന്നതനായ ഒരു നേതാവ് പുരുഷോത്തമനെ കുറിച്ച് വളരെ മോശമായ പരാമർശങ്ങളടങ്ങിയ റിക്കാർഡ് ചെയ്ത ശബ്ദം വയനാടുകാരനായ ഒരു ഘടകകക്ഷി സംസ്ഥാന നേതാവിനെ കേള്‍പ്പിച്ചു കൊടുക്കുകയും തുടർന്ന് പുരുഷോത്തമനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മാത്രവുമല്ല ഏജന്‍റിനു വേണ്ടി ഉന്നത നേതാവ് ഇടപെട്ട് അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ണൂരിലേക്ക് അയച്ച് പുരുഷോത്തമനെതിരെ ചില അന്വേഷണങ്ങള്‍ നടത്തിക്കുകയും ചെയ്തിരുന്നു.
വിവാദ ഏജന്‍റ് തന്‍റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ നിരന്തരം വേട്ടയാടുക പതിവായിരുന്നെന്ന് അന്ന് ഉന്നത സ്ഥാനത്തിരുന്ന ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥൻ പറഞ്ഞു. എഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യാഗസ്ഥനായിരുന്നു ആ സമയത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ.
പുരുഷോത്തമന്‍റെ ആത്മഹത്യയക്ക് ശേഷമാണ് അദ്ദേഹത്തെ ഏജന്‍റ് രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് തകർക്കുകയായിരുന്നുവെന്നത് വ്യക്തമായത്. എന്നാല്‍ കേസില്‍ കാര്യമായ അന്വഷണങ്ങളൊന്നും നടന്നില്ല. അഴിമതിയുടെ കൂടാരമായിരുന്ന മോട്ടോർ വാഹനവകുപ്പ് അക്കാലത്ത് നിയന്ത്രിച്ചിരുന്നത് ചില ഏജന്‍റുമാരടങ്ങിയ മാഫിയകളായിരുന്നു.
പുരുഷോത്തമൻ ദീർഘകാലം തലശേരിയില്‍ ജോയിന്‍റ് ആർടിഒ ആയും സേവനമനുഷ്ഠിച്ചിരുന്നു. അസൗകര്യങ്ങളില്‍ വീർപ്പുമുട്ടിയിരുന്ന തലശേരി ജോയിന്‍റ് ആർടിഒ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതും ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. സി.കെ.നാണു ഗതാഗതമന്ത്രിയും സോമരാജൻ ട്രാൻസ്പോർട്ട് കമ്മീഷണറുമായിരുന്ന കാലത്ത് മന്ത്രിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിച്ചിരുന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു പുരുഷോത്തമൻ.
സാധാരണക്കാർക്കൊപ്പം നിന്നിട്ടുള്ള ജനകീയനായ ഉദ്യാഗസ്ഥനായിരുന്നു പുരുഷാത്തമനെന്നും അദ്ദേഹത്തിന്‍റെ മരണത്തിലെ ദുരൂഹതങ്ങള്‍ ഇപ്പോഴും നീങ്ങിയിട്ടില്ലെന്നും സഹപ്രവർത്തകർ തന്നെ പറയുന്നുണ്ട്. നക്സലേറ്റ് വർഗീസിന്‍റെ മരണത്തിനു വർഷങ്ങള്‍ക്കു ശേഷം പുനഃരന്വേഷണം നടത്തിയപ്പോള്‍ പല വസ്തുകളും പുറത്തുവന്നതു പോലെ പുരുഷോത്തമന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരന്വേഷണം നടത്തിയാല്‍ ഒരുപക്ഷേ പല കാര്യങ്ങളും വെളിപ്പെട്ടേക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.