play-sharp-fill
സാമ്പത്തിക ഇടപാട് പ്രശ്നത്തിൽ യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്പിച്ച് വഴിയിൽ ഇറക്കിവിട്ടു; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സാമ്പത്തിക ഇടപാട് പ്രശ്നത്തിൽ യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്പിച്ച് വഴിയിൽ ഇറക്കിവിട്ടു; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ചട്ടഞ്ചാൽ: സാമ്പത്തിക ഇടപാട് പ്രശ്നത്തിൽ ചട്ടഞ്ചാലിൽനിന്ന് യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്പിച്ച് താമരശ്ശേരിയിൽ ഇറക്കിവിട്ട സംഭവത്തിൽ ഒരാളെ മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്‌കുമാർ അറസ്റ്റുചെയ്തു.

മുട്ടത്തൊടി ആലംപാടി അക്കരപള്ളത്തെ അമീറലി (26) ആണ് പിടിയിലായത്. കേസിലെ ആറാംപ്രതിയാണിയാൾ. ചട്ടഞ്ചാൽ കുന്നാറയിലെ കെ.അർഷാദി(26)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10-ന് തട്ടിക്കൊണ്ടുപോയത്. കുന്നാറയിലെ ജിലാനി സൂപ്പർ മാർക്കറ്റിന് സമീപമുള്ള ഹോട്ടലിന് മുന്നിൽ സുഹൃത്ത് ഫസൽ ഫഹദുമായി സംസാരിച്ച് നിൽക്കവെയാണ്‌ കാറിലെത്തിയ സംഘം അർഷാദിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി സ്ഥലംവിട്ടത്.

ഫസൽ ഫഹദിന്റെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ശനിയാഴ്ച വൈകീട്ട് താമരശ്ശേരിയിൽ അർഷാദിനെ ഇറക്കിവിടുകയായിരുന്നു. നാട്ടിലെത്തിയ അർഷാദിനെ ഞായറാഴ്ച പോലീസ് ചോദ്യംചെയ്തപ്പോൾ തട്ടിക്കൊണ്ടുപോയ സംഘം ദേഹോപപദ്രം ഏൽപ്പിച്ചതായി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം വിദ്യാനഗർ മാന്യ റോഡിൽ ചിത്താരിക്കുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് കാറിലെത്തിച്ച് ദേഹോപദ്രവം ഏല്പിച്ചെന്നാണ് മൊഴി. അമീറലിയാണ് ദേഹോപദ്രവം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിദ്യാനഗർ, ബദിയടുക്ക, ഹൊസ്ദുർഗ്, മേൽപ്പറമ്പ്, കാസർകോട് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ മറ്റ് ഒമ്പതോളം കേസുകളുണ്ട്.

പൂച്ചക്കാട്ടെ താജുദ്ദീൻ നൽകാനുള്ള പണത്തിനായി അർഷാദിനെക്കൊണ്ട് വിളിപ്പിച്ചിരുന്നുവെന്നും താജുദ്ദീന്റെ പാസ്പോർട്ടും എടിഎം കാർഡും താനും അർഷാദുംകൂടി വാങ്ങിവെച്ചതിന്റെ വിരോധത്തിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്നും അർഷാദിന്റെ സുഹൃത്ത് ഫസൽ ഫഹദ് നേരത്തേ പോലീസിനോട് പറഞ്ഞിരുന്നു.

നാലാംമൈൽ സിറ്റിസൺ നഗർ സ്വദേശിയാണ് കേസിലെ ഒന്നാംപ്രതി. ഇയാളും സംഘത്തിലെ മറ്റ് അഞ്ചുപേരും ഒളിവിലാണ്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ അമീറലിയെ റിമാൻഡ് ചെയ്തു. മേൽപ്പറമ്പ് എസ്.ഐ. കെ.വേലായുധൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹിതേഷ് രാമചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.