ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം ; ഇന്ത്യക്ക് 59 റണ്‍സ് ജയം
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു തോറ്റത് ഇന്ത്യന്‍ ടീമിന്റെ സെമി കാണാതെ പുറത്താകലിലേക്ക് നയിച്ചിരുന്നു. ആ ഹൃദയം മുറിച്ച തോല്‍വിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദിന പോരാട്ടത്തില്‍ കണക്കു തീര്‍ത്തു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. 59 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 44.3 ഓവറില്‍ 227 റണ്‍സില്‍ പുറത്താക്കാന്‍ കിവീസ് വനിതകള്‍ക്ക് സാധിച്ചു. എന്നാല്‍ അവരെ 40.4 ഓവറില്‍ 168 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം പിടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രാധ യാദവിന്റെ ബൗളിങാണ് ഇന്ത്യക്ക് തുണയായത്. സൈമ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മികവും ജയത്തില്‍ നിര്‍ണായകമായി. മൂന്ന് ന്യൂസിലന്‍ഡ് താരങ്ങള്‍ റണ്‍ ഔട്ടായാണ് പുറത്തായത്.
ബ്രൂക് ഹാലിഡെയാണ് കിവികളിലെ ടോപ് സ്‌കോറര്‍. താരം 39 റണ്‍സെടുത്തു. മാഡി ഗ്രീന്‍ 31 റണ്‍സും കണ്ടെത്തി. ലൗറന്‍ ഡൗണ്‍ (26), ജോര്‍ജിയ പലിമ്മര്‍ (25) എന്നിവരും തിളങ്ങി. അമേലിയ കെര്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. തേജല്‍ ഹസാബ്‌നിസ് (42), ദീപ്തി ശര്‍മ (41) എന്നിവര്‍ ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തു. ഷെഫാലി വര്‍മ (33), ജെമിമ റോഡ്രിഗസ് (35), യസ്തിക ഭാട്ടിയ (37) എന്നിവരും മികവു കാട്ടി.
ന്യൂസിലന്‍ഡിനായി അമേലിയ കെര്‍ 4 വിക്കറ്റുകള്‍ നേടി. ജെസ് കെര്‍ 3 വിക്കറ്റുകളും സ്വന്തമാക്കി. ഈഡന്‍ കാര്‍സന്‍ രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് സുസി ബെയ്റ്റ്‌സിനാണ്.