രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരിടാന്‍ എല്ലാ ആയുധവും തേച്ചുമിനുക്കാനൊരുങ്ങി സിപിഎം ; ലീഡറെയെയും ഭാര്യ കല്ല്യാണികുട്ടിയമ്മയേയും അപമാനിച്ചുവെന്ന വിവാദം പൊടിതട്ടിയെടുക്കാനുള്ള നീക്കത്തിൽ പി സരിനും ഇടതുപക്ഷവും ; ലീഡറുടെ ഓർമ മുന്നില്‍ നിർത്തി സിപിഎം നടത്തുന്ന നീക്കത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരിടാന്‍ എല്ലാ ആയുധവും തേച്ചുമിനുക്കി സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ കെ കരുണാകരനേയും ഭാര്യ കല്ല്യാണികുട്ടിയമ്മയേയും അപമാനിച്ചുവെന്ന വിവാദം പൊടിതട്ടിയെടുക്കാനുള്ള നീക്കത്തിലാണ് പി സരിനും ഇടതുപക്ഷവും.
അതിന്റെ ഭാഗമായിട്ടാണ് ഇന്ന് സരിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്നതു പോലെ കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം കീഴ്‌വഴക്കമായി തുടരുന്നതാണ് പി സരിന്‍ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കരണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധ സാഹചര്യവും അത് ഉണ്ടാക്കാവുന്ന വിമര്‍ശനങ്ങളും ഭയന്നാണ് രാഹുല്‍ ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുന്നത്. ഈ സാഹചര്യം പരമാവധി മുതലാക്കാനാണ് സിപിഎം നീക്കം. പ്രാദേശിക വാദത്തിനൊപ്പം കെ കരുണാകരനെ അപമാനിച്ചെന്ന വികാരം കൂടി വളര്‍ത്താനാണ് ശ്രമം. ഇതിലൂടെ പരമാവധി കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം.
സരിന്റെ സന്ദര്‍ശനം സംബന്ധിച്ച് സിപിഎം നേതാവ് എകെ ബാലന്റെ പ്രതികരണവും വൈകാരികമായിരുന്നു. കെ കരുണാകരന്റെ ഭാര്യ കല്ല്യാണികുട്ടിയമ്മ ആഹാരം വിളമ്ബി നല്‍കാത്ത കോണ്‍ഗ്രസുകാരില്ല. എന്നിട്ടും മോശം ഭാഷയില്‍ അവരെ അപമാനിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നാണ് ബാലന്‍ ചോദിച്ചത്.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. കരുണാകരന്റെ കുടുംബത്തെ അപമാനിച്ചയാളല്ലാതെ മറ്റാരും കോണ്‍ഗ്രസിലില്ലേ എന്ന ചോദ്യമാണ് പത്മജ ഉയര്‍ത്തിയത്. അമ്മയെ അപമാനിച്ചയാള്‍ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ട ഗതികേടിലാണ് കെ മുരളീധരന്‍ എന്ന് ബിജെപിയും വിമര്‍ശിച്ചിരുന്നു. ഇതിനോട് കടുത്ത പ്രതികരണം മുരളീധരന്‍ നടത്തിയില്ലെന്നു മാത്രമല്ല, പാലക്കാട്ട് പ്രചരണം നടത്തുന്നത് ആലോചിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശന സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പത്മജയുടെ ഡിഎന്‍എ പരിശോധിക്കണം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ അമ്മയെയാണ് അപമാനിച്ചതെന്ന് പത്മജ പ്രതികരിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അന്ന് രാഹുലിന്റെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞിരുന്നു.
കൃത്യമായ സമയത്ത് ലീഡറുടെ ഓർമ മുന്നില്‍ നിർത്തി സിപിഎം നടത്തുന്ന ഈ നീക്കത്തില്‍ കോണ്‍ഗ്രസ് ചെറിയ പ്രതിരോധത്തിലായിട്ടുണ്ട്. ഇതിന് മറുപടി പറഞ്ഞ് രംഗം കൂടുതല്‍ വഷളാക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.