play-sharp-fill
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; കാറിലുണ്ടായിരുന്ന അഞ്ചു പേർക്ക് ദാരുണാന്ത്യം ; കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിൽ ; യാത്രക്കാരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; കാറിലുണ്ടായിരുന്ന അഞ്ചു പേർക്ക് ദാരുണാന്ത്യം ; കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിൽ ; യാത്രക്കാരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

സ്വന്തം ലേഖകൻ

പാലക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

മരിച്ചവരിൽ കോങ്ങാട് മണ്ണാന്തറ സ്വദേശി കൃഷ്ണന്റെയും ഓമനയുടെയും മകൻ കെ.കെ.വിജേഷ് (35), വീണ്ടപ്പാറ സ്വദേശി ചിദംബരന്റെ മകൻ രമേശ് (31), വെള്ളയന്തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്ണു (30), കോങ്ങാട് മണിക്കശേരി എസ്റ്റേറ്റ് മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ (17) എന്നിവരുണ്ടെന്നാണു പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഓട്ടോ ഡ്രൈവറാണ് വിജേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു പേരാണു കാറിലുണ്ടായിരുന്നത്. ഇവരിൽ 3 പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ചരക്കു ലോറി കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.