വാക്കാൽ പോലും ക്ഷണിച്ചിട്ടില്ല, ദിവ്യയുടെ പ്രസംഗം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചുപോയി : പൊലീസിന് മൊഴി നൽകി കലക്ടറേറ്റ് ജീവനക്കാർ
സ്വന്തം ലേഖകൻ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കലക്ടറേറ്റ് ജീവനക്കാർ മൊഴി നൽകി. എഡിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല എന്നാണ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്.
ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നുമാണ് ജീവനക്കാർ പറയുന്നത്. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ നവീൻ ബാബുവിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പൊലീസ് ചോദ്യം ചെയ്തു. കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണ് എന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് മൊഴിയെടുത്തത്. അതിനിടെ ജാമ്യ ഹർജിയിൽ നവീനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് പിപി ദിവ്യ. എഡിഎമ്മിനെതിരെ പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്ന മറ്റൊരു സംരംഭകൻ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്.
പരിപാടിയിൽ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നും ദിവ്യ പറയുന്നത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി സമർപ്പിച്ചത്.