കേരളത്തിലെ ആരോഗ്യമേഖലയിൽ എൽഡിഎഫ് കൊണ്ടുവന്ന മുന്നേറ്റം തുടരണം, ഇതിനായി നഴ്‌സുമാർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്, ഏറ്റവും കരുത്തുറ്റ സംഘടനയാണ് കെജിഎൻഎ, ആരോഗ്യമേഖലയിലെ വളർച്ചക്ക് പിന്നിൽ സംഘടനയുടെ ശക്തമായ ഇടപെടൽ ഉണ്ടെന്ന് കെ കെ ശൈലജ
കോട്ടയം: തൊഴിലവകാശങ്ങൾ നിലനിർത്തുന്നത് ഇടതുപക്ഷ സർക്കാർ മാത്രമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ.
കേരളത്തിലെ ആരോഗ്യമേഖലയിൽ എൽഡിഎഫ് കൊണ്ടുവന്ന മുന്നേറ്റം വരുംവർഷങ്ങളിലും തുടരണം. അതിൽ നഴ്‌സുമാർ അടക്കമുള്ളവർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ തകർക്കാൻ കേരളത്തിന് പുറത്തുനിന്നും അകത്തുനിന്നും ചിലർ ശ്രമിക്കുന്നുണ്ട്. അത്തരം ആക്രമണങ്ങളെ സംഘടിതമായി ചെറുക്കാൻ കഴിയണം.
കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസർക്കാരിന്റെ ബജറ്റിൽ ആരോഗ്യ–വിദ്യാഭ്യാസ മേഖലക്ക് ഒന്നും നൽകിയില്ല. ഉള്ളത് വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. കോർപറേറ്റുകളെ സഹായിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഖജനാവ് ദുർബലമായത്. സംസ്ഥാനങ്ങൾക്കുള്ള വിഹിതവും ഇതോടെ നൽകാതായി. വായ്‌പയെടുക്കുക മാത്രമായിരുന്നു സംസ്ഥാനങ്ങൾക്കുള്ള മാർഗം. ഇതിനും അനുമതി നിഷേധിച്ച് സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ഇടതുപക്ഷം സാധാരണക്കാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അത് മനസിലാക്കുന്ന ഇടങ്ങളിലെല്ലാം ഇടതുപക്ഷം അധികാരത്തിലെത്തുന്നു. ലോകത്ത് വലതുവ്യതിയാനം ശക്തമായി നടക്കുമ്പോഴും ചില നല്ല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ശ്രീലങ്കയിൽ ഇടതുപക്ഷത്തിന്റെ വിജയം.
ആരോഗ്യമേഖലയിലെ ഏറ്റവും കരുത്തുറ്റ സംഘടനയാണ് കെജിഎൻഎ. മേഖലയുടെ എല്ലാ വളർച്ചക്കും പിന്നിൽ സംഘടനയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.