play-sharp-fill
സ്ഥിരമായി ഹോട്ടൽ ഭക്ഷണം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം: പാചക എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗമാണ് കാരണം: ശ്രദ്ധിച്ചില്ലെങ്കിൽ മറവി രോഗത്തിനു വരെ സാധ്യത

സ്ഥിരമായി ഹോട്ടൽ ഭക്ഷണം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം: പാചക എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗമാണ് കാരണം: ശ്രദ്ധിച്ചില്ലെങ്കിൽ മറവി രോഗത്തിനു വരെ സാധ്യത

കോട്ടയം: ഭക്ഷ്യ എണ്ണകള്‍ക്കു വിലകൂടിയതോടെ ഹോട്ടലുകളിലും തട്ടുകടകളിലുമെല്ലാം പാചക എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വര്‍ധിക്കുന്നതായി ആക്ഷേപം.
പഴകിയ എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കാന്‍സര്‍, ഹൃദയ സംബന്ധമായ ആരോഗ്യ

പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങയുടെയും കൊപ്രായുടെയും വരവു കുറഞ്ഞതോടെ വെളിച്ചെണ്ണ വില ലിറ്ററിന്‌ 240 രൂപവരെ എത്തിയിരുന്നു.

കേന്ദ്രം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ പാംഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ വില 20 മുതല്‍ 30 രൂപവരെ വര്‍ധിച്ചിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ്‌ പരിശോധനയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്‌ രജിസ്‌ട്രേഷന്‍ ഇല്ലാതെയും തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്‌ഥാപനങ്ങളില്‍ ഭക്ഷ്യഎണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കണ്ടെത്തുകയും ചെയ്‌തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത്‌ എടുത്തുവച്ചു വീണ്ടുമുപയോഗിക്കുകയാണു പതിവ്‌. ചിലപ്പോള്‍ ദിവസങ്ങളോളം ഇത്തരം എണ്ണ ഉപയോഗിക്കുന്നവരും ഉണ്ട്‌. എന്നാല്‍, ഇതു ആരോഗ്യത്തിനു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണു ഡോക്‌ടര്‍മാര്‍ പറയുന്നത്‌. അണുബാധ മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കാണ്‌ ഈ ശീലം ഇടയാക്കുക.

പഴകിയ എണ്ണ ഉപയോഗിക്കുന്നതു വയറ്‌ എളുപ്പത്തില്‍ അസ്വസ്‌ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ്‌ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത്‌ കാരണമായേക്കും.

ചീത്ത കൊഴുപ്പ്‌ ശരീരത്തില്‍ അടിയാനും ഇതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്‌. ഇതിനെല്ലാം പുറമെ തലച്ചോറിലെ കോശങ്ങളെയും ഇതു ബാധിച്ചേക്കാം.

അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്‌ തുടങ്ങിയ മറവിരോഗങ്ങളിലേക്കും ഈ ശീലം എത്തിച്ചേക്കാം. ഹോട്ടലുകള്‍ തട്ടുകടകള്‍, ബജി കടകള്‍ എന്നിടങ്ങളെല്ലാം ഇത്തരം എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം നടക്കുന്നുണ്ട്‌. ഇതിനെതിരെ ശക്‌തമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.