കൊണ്ടോട്ടിയിൽ മുങ്ങിയ പ്രതി മുംബൈയിൽ പൊങ്ങി: സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പിന്തുടർന്ന് വീട് ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി: ഒടുവിൽ യുവാവിനെ മുംബൈ പോലീസ് പിടികൂടി
മലപ്പുറം: സ്കൂട്ടറില്‍ സഞ്ചരിച്ച് യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി കെ വി മുഹമ്മദ് ഫവാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മറ്റൊരു മോഷണ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയപ്പോള്‍ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയായിരുന്നു.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ പോവുകയായിരുന്ന മനീഷ പര്‍വീനെ (27) ബൈക്കില്‍ പിന്തുടര്ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് മാലയടക്കം ഒമ്പത് പവന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്ന് പ്രതി കടന്നു കളഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. തൊട്ടടുത്ത ദിവസം മറ്റൊരു മോഷണ കേസില്‍ കോടഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഫവാസ് വിദേശത്തേക്ക് കടക്കുകയായിരുന്നു.
പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഫവാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയുമായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group