play-sharp-fill
വെടിക്കെട്ട് പ്രകടനവുമായി സഞ്ജു ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ; 40 പന്തില്‍ സെഞ്ചുറി; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ

വെടിക്കെട്ട് പ്രകടനവുമായി സഞ്ജു ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ; 40 പന്തില്‍ സെഞ്ചുറി; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. തസ്കിൻ അഹമ്മദിനെ ഓരോവറില്‍ നാല് ബൗണ്ടറിയടിച്ചാണ് സഞ്ജു വേട്ടയ്‌ക്ക് തുടക്കമിട്ടത്. താളം കണ്ടെത്തിയതോടെ ഗ്രൗണ്ടിന് നാല് പാടും ബൗണ്ടറികളും സിക്സും ചിതറി. 40 പന്തിലാണ് താരം സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയായിരുന്നു നേട്ടം. 47 പന്തില്‍ 111 റണ്‍സ് നേടിയാണ് താരം പുറത്തായത്.
കഴിഞ്ഞ 2 കളിയിലും ഓപ്പണറുടെ റോളിൽ നിറം മങ്ങിയ സഞ്ജുവിന് ഈ മത്സരം വളരെ നിർണായകമായിരുന്നു.

അഭിഷേക് ശർമ(4) നിറം മങ്ങിയതൊഴിച്ചാല്‍ വന്നവരും നിന്നവരുമെല്ലാം ബാംഗ്ലാദേശ് ബൗളർമാരെ കണക്കിന് തല്ലി. അഞ്ച് പടുകൂറ്റൻ സിക്സും 8 ഫോറുമടക്കം 35 പന്തില്‍ നിന്ന് സൂര്യകുമാർ നേടിയത് 75 റണ്‍സാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 കൂറ്റൻ സിക്സർ പറത്തി കാമിയോ റോളിലെത്തിയ പരാഗും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായി. 13 പന്തില്‍ 34 റണ്‍സാണ് അദ്ദേഹം നേടിയത്. നാലുവീതം ബൗണ്ടറിയും സിക്സറും പറത്തിയ ഹാർദിക് 18 പന്തില്‍ 47 റണ്‍സാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് നിരയില്‍ മൂന്ന് ബൗളർമാർ അർദ്ധസെഞ്ചുറി തികച്ചു. തൻസിം ഹസന് മൂന്ന് വിക്കറ്റ് ലഭിച്ചു. തസ്കിൻ അഹമ്മദിനും മുസ്താഫിസൂറിനും മഹ്‌മൂദുള്ളയ്‌ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇന്ത്യയുടെ സ്കോർ 297/6

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം.

ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.