മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമുണ്ടോ ? ഏതെല്ലാം സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് പാന്‍ നിര്‍ബന്ധമാകുന്നത്? എങ്ങനെ മൈനര്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം? കൂടുതൽ അറിയാം…
ആദായ നികുതി നല്കുന്ന ഏതൊരു പൗരനും സ്ഥാപനത്തിനും ഇന്ത്യയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി ദായകരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് തയ്യാറാക്കിയത്. എന്നാല്‍ പാന്‍ കാര്‍ഡ് നികുതി സംബന്ധമായ കാര്യങ്ങളില്‍ മാത്രമാണോ ഉപയോഗിക്കുന്നത്?
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും അടക്കം പാന്‍ കാര്‍ഡുകള്‍ നാം ഉപയോഗിക്കുന്നു. മുതിര്‍ന്നവര്‍ക്ക് പാന്‍ കാര്‍ഡ് എടുക്കുന്നതിനെ കുറിച്ച് ബോധവാന്മാരായ നമ്മളില്‍ പലരും കുട്ടികളുടെ പാന്‍ കാര്‍ഡിനെ കുറിച്ച് ചിന്തിക്കാറില്ല. പ്രായപൂര്‍ത്തി ആയവര്‍ക്കുള്ള അത്ര സാമ്പത്തിക ഇടപാടുകളും മറ്റും കുട്ടികള്‍ക്ക് ഇല്ലെന്നുള്ള ധാരണയില്‍ മിക്കവരും മൈനര്‍ പാന്‍ കാര്‍ഡിനെ അവഗണിക്കാറുണ്ട്.
എന്നാല്‍ കുട്ടി പാന്‍ കാര്‍ഡിന് പ്രാധാന്യം ഏറെയാണ്. ഈ സാഹചര്യങ്ങളില്‍ എല്ലാം മൈനര്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്…
Whatsapp Group 1 | Whatsapp Group 2 |Telegram Group
- ചെറുപ്പം മുതല്‍ കുട്ടിയുടെ സാമ്പത്തിക ഐഡിന്റിറ്റി സ്ഥാപിക്കാന്‍.
- ഭാവിയിലെ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍.
- മൈനറായ കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ നിക്ഷേപം നടത്തുമ്പോള്‍.
- പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വസ്തു, മറ്റ് സാമ്പത്തിക ഉത്പന്നങ്ങള്‍ എന്നിവയില്‍ നോമിനിയാക്കാന്‍.
- കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍.
- കുട്ടിയ്ക്കായി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുമ്പോള്‍.
- നിക്ഷേപങ്ങളില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നുമുള്ള കുട്ടിയുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍. ഇത്തരം സാഹചര്യത്തില്‍ നികുതി നല്കുമ്പോള്.
- കുട്ടിയുടെ പേരില്‍ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍
ഒരു മൈനറിന് നിക്ഷേപങ്ങളിലോ ആസ്തികളിലോ നിയമപരമായ അവകാശം ഉറപ്പാക്കുന്നതാണ് പാന്‍ കാര്‍ഡ്. പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പ്രായപൂര്ത്തിയാകാത്തവരുെട പേര് ഇടപാടുകളില്‍ രജിസ്റ്റര്‍ ചെയ്യുക വളരെ എളുപ്പവുമാണ്. ഒരിക്കല്‍ പാന്‍ കാര്‍ഡ് സ്വീകരിച്ചാല്‍ പിന്നീട് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാലും പാന്‍ കാര്‍ഡ് നമ്പര്‍ സ്ഥിരമായി തുടരും. അതിനാല്‍ തന്നെ കുട്ടിയ്ക്ക് പാന്‍ കാര്‍ഡ് എടുത്താല്‍ ഭാവിയില്‍ മാറ്റങ്ങള്‍ വരുത്തുക ബുദ്ധിമുട്ടാണ് എന്ന് കരുതേണ്ട ആവശ്യവുമില്ല.
മൈനര്‍ പാന്‍ എങ്ങനെ എടുക്കാം?
- എന്എസ്ഡിഎല് (NSDL) ഔദ്യോഗിക വെബ്സൈറ്റ് https://www.onlineservices.nsdl.com/paam/endUserRegisterContact.html സന്ദര്‍ശിക്കുക.
- തുറന്നു വരുന്ന ഇന്റര്‍ഫേസില്‍ അപ്ലൈ ഓണ്‍ലൈന്‍ തെരഞ്ഞെടുക്കുക. സാധാരണയായി അപ്ലൈ ഓണ്‍ലൈന്‍ ഡിഫോള്‍ട്ട് ആയി കാണപ്പെടും.
- അപ്ലൈ ഓണ്‍ലൈനില്‍ ആപ്ലിക്കേഷന്‍ ടൈപ്പ് (Application Type) എന്ന ഓപ്ഷനില്‍ New PAN – Indian Citizen (Form 49A) തെരഞ്ഞെടുക്കുക.
- ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. കുട്ടിയുടെ പേര്, ജനന തീയതി, മേല്‍വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍, മാതാപിതാക്കള്‍ രക്ഷിതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍, തെളിവായി സമര്‍പ്പിക്കുന്ന രേഖകളുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കുക.
- കുട്ടിയുടെ ഫോട്ടോ, ചോദിച്ചിരിക്കുന്ന മറ്റ് രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുക.
- ശേഷം ഫീസ് അടയ്ക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിഡി, നെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസ് അടയ്ക്കാം. ശേഷം Submit ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചതിന് തൊട്ട് പിന്നാലെ ലഭിക്കുന്ന അംഗീകൃത നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ നില ട്രാക്ക് ചെയ്യാവുന്നതാണ്. പാന്‍ കാര്‍ഡ് നിങ്ങളുടെ വിലാസത്തില്‍ ലഭിക്കുകയും ചെയ്യും.