30 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതോടെ പുറത്തുവന്നത് വൻ ലഹരിസംഘത്തെ കുറിച്ചുള്ള വിവരങ്ങൾ; കൂടുതൽ അന്വേഷണത്തിൽ വലയിലായത് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന ലഹരിമരുന്ന് റാക്കറ്റ് തലവനായ നൈജീരിയൻ സ്വദേശി; സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇയാൾ മയക്കുമരുന്ന് വിപണനം കൂടാതെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളിലും പ്രതി
കരുനാഗപ്പള്ളി: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന ലഹരിമരുന്ന് റാക്കറ്റ് തലവനായ നൈജീരിയൻ സ്വദേശിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലീസ് പിടികൂടി. 17 വർഷമായി ബംഗളൂരു സോമനാഹള്ളിയിൽ അനധികൃത താമസക്കാരനായ ഉക്കുവ്ഡിലി മിമ്രി (45) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ ഉഗാണ്ട എയർലൈൻസിൽ മുംബൈയിൽനിന്ന് ഉഗാണ്ടയിലെ എന്ഡീബിയിലേക്കും അവിടെനിന്ന് ലാഗോസിലേക്കും പുറപ്പെടാൻ ഒരുങ്ങവെയാണ് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
ബംഗളൂരുവിൽ സങ്കേതം കണ്ടെത്തിയ പോലീസ് ബംഗാൾ സ്വദേശിയായ ഭാര്യയെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാൾ നൈജീരിയയിലേക്ക് പുറപ്പെട്ട വിവരം ലഭ്യമായത്. ഭാര്യയുടെ ഫോണില്‍നിന്ന് യാത്രാവിവരം ശേഖരിച്ച ഉടൻ പോലീസ് വിമാനത്തില്‍ മുബൈയിലേക്ക് തിരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും നാല് പാസ്പോർട്ടുകളിലായി സഞ്ചരിക്കുന്ന ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്റ്റുഡന്റ് വിസയിൽ 2007ല്‍ ഇന്ത്യയിലെത്തിയ ഇയാൾ മയക്കുമരുന്ന് വിപണനം കൂടാതെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളിലും ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത കേസുകളിലും പ്രതിയാണ്.
ആവശ്യക്കാരിൽനിന്ന് പണം സ്വീകരിച്ച് അജ്ഞാത കേന്ദ്രങ്ങളിൽ മയക്കുമരുന്ന് അടങ്ങിയ പൊതി വെച്ച ശേഷം ലൊക്കേഷൻ മാപ്പും സ്ക്രീൻഷോട്ടും അയച്ച് സ്ഥലംവിടുകയാണ് ഇയാളുടെ രീതി. ബംഗളൂരു കേന്ദ്രമാക്കി ഭാര്യയുടെ പേരിൽ ഹോട്ടലും നടത്തുന്നുണ്ട്. ഇവരുടെ അക്കൗണ്ടിൽനിന്ന് കോടികൾ കണ്ടെത്തി.
ആഗസ്റ്റിൽ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 30 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി രാഹുലിനെ (24) പിടികൂടി ചോദ്യംചെയ്തതിലൂടെ താന്‍സാനിയ സ്വദേശി അബ്ദുൽ നാസർ അലി ഈസായി, കൂട്ടുപ്രതി സുജിത്ത് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
ഇവരുടെ അറസ്റ്റോടെയാണ് ശൃംഖലയിലെ പ്രധാനകേന്ദ്രമായ മെംമ്റിയെ പിടികൂടാന്‍ കഴിഞ്ഞത്. വ്യാജരേഖകൾ നൽകി സമ്പാദിച്ച ഏഴ് സിമ്മുകൾ അടങ്ങിയ ആൻഡ്രോയിഡ് ഫോണുകൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തി.