ദേശീയപാതാ നിർമ്മാണം; സർവീസ് റോഡിന് കുറുകെ ചാലു കീറിയ കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു; സൈൻ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ കുഴിയിൽ വീണ് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമെന്ന് നാട്ടുകാർ
അമ്പലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് കുഴിയിൽ വീണത്.
ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജിന് കിഴക്കുഭാഗത്തെ സർവീസ് റോഡിലാണ് അപകടം. സർവീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും ഈ കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക് സുഗമമാക്കിയിട്ടുണ്ട്.
സർവീസ് റോഡുവഴി സഞ്ചരിച്ചെത്തുന്നവർ കുഴിയുടെ അടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുക. സമീപത്ത് സൈൻ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ ഇരു ചക്ര വാഹന യാത്രക്കാർ ഉൾപ്പടെ ഈ കുഴിയിൽ വീണ് നിത്യേന അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ കാർ യാത്രികർക്ക് പരിക്കില്ലെങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി. നാട്ടുകാർ കുഴിയിൽ നിന്ന് കാർ തള്ളി നീക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായതിനാൽ പിന്നീട് ജെസിബി എത്തിച്ച് കാർ നീക്കുകയായിരുന്നു.