എന്താണ് മുറിന്‍ ടൈഫസ് രോഗം ? ലക്ഷണങ്ങള്‍ എന്തൊക്കെ… പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം… അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെള്ളുപനിക്ക് സമാനമായ ‘മുറിന്‍ ടൈഫസ്’ രോഗം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ 75കാരനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഈ അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചത്.
ഇയാള്‍ നിലവില്‍ ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ രോഗം കൊവിഡിനെ പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് അമേരിക്കയിലെ പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗമായ സിഡിസി റിപോര്‍ട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷണങ്ങള്‍
തലവേദന, പനി, പേശി വേദന, സന്ധിവേദന, ഛര്‍ദ്ദി, വയറുവേദന, കഫക്കെട്ട്, വ്രണങ്ങള്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
രോഗാണു പകരുന്ന വഴികള്‍
റിക്കറ്റ്ഷ്യ ടൈഫി എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. ബാക്ടീരിയ ബാധിച്ച ചെള്ളുകള്‍ കടിച്ചാല്‍ മുറിവിലൂടെ അവ മനുഷ്യശരീരത്തില്‍ പ്രവേശിക്കും. കൂടാതെ എലികളുടെയും പൂച്ചകളുടെയും ശരീരത്തിലും ഈ ബാക്ടീരിയ കാണപ്പെടുന്നു. ഈ ജീവികളെ കടിക്കുന്ന ചെള്ളുകളുടെ ശരീരത്തില്‍ ബാക്ടീരിയ എത്തും. ഈ ചെള്ളുകളാണ് മനുഷ്യരിലേക്ക് ബാക്ടീരിയയെ എത്തിക്കുന്നത്.
ചെള്ള് മനുഷ്യരെ കടിക്കുമ്പോഴുണ്ടാവുന്ന മുറിവുകളിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുക. മുറിവില്‍ ചെള്ള് വിസര്‍ജിക്കുമ്പോള്‍ അതിലൂടെയാണ് ബാക്ടീരിയ അകത്ത് കടക്കുക. ഈ വിസര്‍ജ്യം കണ്ണിലോ മുറിവുകളിലോ തട്ടിയാലും അണുബാധയുണ്ടാവാം.
അപകട സാധ്യത
ബാക്ടീരിയ ബാധിച്ച ചിലരെ രോഗം ഗുരുതരമായി ബാധിക്കാമെന്ന് സിഡിസി പറയുന്നു. എന്നാല്‍, ആ രോഗത്തിന് മരണനിരക്ക് വളരെ കുറവാണ്. മൊത്തം രോഗം ബാധിച്ചവരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് മരണപ്പെടാറ്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികില്‍സയാണ് സിഡിസി ശുപാര്‍ശ ചെയ്യുന്നത്.
പ്രതിരോധ മാര്‍ഗങ്ങള്‍
ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിലവില്‍ ലഭ്യമല്ല. അതിനാല്‍ ചെള്ളുകളെ ഒഴിവാക്കുക എന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം. വീടുകളിലെ പൂച്ചയെയും പട്ടിയെയും ചെള്ള് വിമുക്തമാക്കണമെന്നും സിഡിസി ശുപാര്‍ശ ചെയ്യുന്നു.