കള്ളനോട്ടുകള്‍ കൈമാറ്റം ചെയ്യാൻ പോയത് ബാങ്കിലേക്ക് ; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബംഗളൂരിൽ അറസ്റ്റില്‍ ; മുഖ്യസൂത്രധാരന്‍ മറ്റൊരു കേസിൽ മംഗളുരു പോലീസിൻ്റെ പിടിയിൽ
ബെംഗളൂരു : കള്ളനോട്ട് വില്‍പനയുമായി ബന്ധപ്പെട്ട് മൂന്ന് മലയാളി യുവാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബംഗളൂരിൽ അറസ്റ്റില്‍.
കണ്ണൂര്‍ സ്വദേശികളായ പ്രസിദ്, മുഹമ്മദ് അഫ്‌നാസ്, കാസറഗോഡ് സ്വദേശി നൂറുദ്ധീന്‍ അന്‍വര്‍, കര്‍ണാടക സ്വദേശി ഹുസൈന്‍, ഇയാളുടെ സഹായി എന്നിവരാണ് അറസ്റ്റിലായത്.
ഹുസൈന്‍ നഗരത്തില്‍ ഗ്രാനൈറ്റ് വില്‍പന നടത്തിവരികയായിരുന്നു. അടുത്തിടെ ഇയാള്‍ കള്ളനോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ ബാങ്കിലേക്ക് പോയതോടെയാണ് സംഭവം പുറത്താകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെംഗളൂരുവിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസില്‍ പോയി 24.8 ലക്ഷം രൂപ മൂല്യമുള്ള കള്ളനോട്ടുകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞ ബാങ്കിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എജിഎം) ഉടന്‍പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഹുസൈനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മലയാളികളാണ് പ്രസിദിനും മറ്റുള്ളവര്‍ക്കും സംഭവത്തിലുള്ള പങ്ക് വെളിപ്പെട്ടത്. ഹുസൈന് വന്‍തോതില്‍ കള്ളനോട്ടുകള്‍ നല്‍കിയ പ്രസീദ് ആണ്. ഹുസൈനില്‍ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന ഗ്രാനൈറ്റ് വാങ്ങുകയും 2,000 രൂപ മുഖവിലയുള്ള 24.8 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇയാള്‍ നല്‍കുകയും ചെയ്തിരുന്നു.
അതേസമയം കേസിലെ മുഖ്യസൂത്രധാരന്‍ കാസറഗോഡ് സ്വദേശി പ്രയാസ് ആണെന്നും, ഇയാളെ മറ്റൊരു കേസില്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിറ്റി പോലീസ് പറഞ്ഞു.
കേരളത്തില്‍ പ്രിന്റിംഗ് പ്രസ് നടത്തുന്ന ശരത് എന്നയാളാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ശരത്തും പ്രയാസും കറന്‍സികള്‍ അച്ചടിച്ചതെന്നും രണ്ടായിരം രൂപ മുഖവിലയുള്ള കറന്‍സികള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവ മാറാന്‍ സഹായം വേണമെന്നും വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്പറഞ്ഞു.