ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ഇടതുപക്ഷത്തിന്, സിപിഎം-ആർഎസ്എസ് ബന്ധം ആരോപിക്കുന്നവരുടെ ബോധത്തിൽ തന്നെ സംശയമുണ്ടെന്ന് വിജയരാഘവൻ; പാലക്കാട് യാതൊരുവിധ ഡീലുമില്ല, ഇടതുമുന്നണിയുടെ വിജയം ഉറപ്പിക്കും, ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫാണെന്നും ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഎം പിബി അംഗം വിജയരാഘവൻ. പാലക്കാട് എഴുതി തള്ളേണ്ട സീറ്റ് അല്ലെന്നും മുമ്പ് സിപിഎം സ്ഥാനാർത്ഥി ജയിച്ച മണ്ഡലമാണിതെന്നും വിജയരാഘവൻ പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി ഉന്നയിച്ച വോട്ട് മറിക്കൽ ആരോപണം നിഷേധിച്ച ഇടതുമുന്നണി കൺവീനർ യുഡിഎഫാണ് ബിജെപിയെ ജയിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.
വിവരം ഇല്ലാത്തവർക്ക് മാത്രമേ സിപിഎം പാലക്കാട് വോട്ട് മറിക്കും എന്ന് പറയാൻ കഴിയുകയുള്ളൂവെന്നായിരുന്നു വിജയരാഘവൻ്റെ മറുപടി. സിപിഎമ്മിനെ കുറിച്ച് ജനങ്ങൾക്ക് അറിയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം-ആർഎസ്എസ് ബന്ധം ആരോപിക്കുന്നവരുടെ ബോധത്തിൽ തന്നെ തങ്ങൾക്ക് സംശയമുണ്ട്. ചിലർ സ്വഭാവമില്ലാതെ പെരുമാറുന്നു. അക്കൂട്ടത്തിൽ അൻവറും പ്രതിപക്ഷ നേതാവുമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
പാലക്കാട് യാതൊരുവിധ ഡീലുമില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞത്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പിക്കും.
ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫാണ്. തൃശ്ശൂരിൽ യുഡിഎഫിൻ്റെ 86,000 വോട്ട് എവിടെ പോയി? നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമുണ്ടാക്കിയത് യുഡിഎഫാണെന്നും അദ്ദേഹം വിമർശിച്ചു.