അധ്യാപികയുടെ ക്രൂരമായ ആക്രമണം ; കുട്ടിക്ക് സ്കൂളിൽ പോകാൻ പേടി, മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ
സ്വന്തം ലേഖകൻ
കൊച്ചി: അധ്യാപിക ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ മടി കാണിച്ചിരുന്നതായും പൊലീസിനോട് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായതിനു പിന്നാലെ അധ്യാപിക സീതാലക്ഷ്മിയെ സ്കൂൾ അധികൃതർ പുറത്താക്കി.
മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിൽ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു അവർ. മൂന്നര വയസുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി അടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.