play-sharp-fill
സ്തനാർബുദം ; വേദനയില്ലെന്നു കരുതി നിസ്സാരമാക്കരുത്, മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന വ്യത്യാസം ശ്രദ്ധിക്കണം

സ്തനാർബുദം ; വേദനയില്ലെന്നു കരുതി നിസ്സാരമാക്കരുത്, മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന വ്യത്യാസം ശ്രദ്ധിക്കണം

സ്വന്തം ലേഖകൻ

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്തനാർബുദം മൂലമുള്ള മരണം 1% മുതൽ 3% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂര്‍വമായി മാത്രമേ രോഗം കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രെസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു.

കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. ഈ വര്‍ഷത്തെ ‘സ്തനാര്‍ബുദ അവബോധ മാസ’ത്തിന്റെ വിഷയം ‘ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല’ എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം പിടിപെടുന്നത്, നിരവധി ജീവിത സാഹചര്യങ്ങളും ചില ജനിതക കാരണങ്ങളും ആണ് കാന്‍സര്‍ ഉണ്ടാക്കുന്നത്.

അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estradiol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തില്‍ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദ്ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കല്‍സ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാന്‍മസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന കാന്‍സര്‍ രോഗങ്ങളുടെ വര്‍ധനവിന് പിന്നിലുണ്ട്.

പ്രതിരോധിക്കാന്‍ സാധിക്കാത്തത് (Non Preventable)

പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ എന്നു പറയുമ്പോള്‍ ജനിതകമായ കാരണങ്ങളാണ്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്.

സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം കാന്‍സര്‍ രോഗങ്ങളും ആരംഭദിശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്. മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.

സ്വയം പരിശോധന എപ്പോള്‍? കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ? കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍ കൊണ്ട് ഉള്ളതല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ തുടക്കത്തില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം.

മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു സര്‍ജറിയിലെ ഡോക്ടറെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജനിതക കാരണങ്ങളാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത BRCA1, BRCA2 എന്നീ ജീന്‍ (Gene) പരിശോധനയിലൂടെ ഒരു പരിധി വരെ നിര്‍ണ്ണയിക്കാന്‍ സാധിക്കും.

വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു. ഇതില്‍ ഒരു മാറ്റം വരുത്തുന്നത്തിലേയ്ക്കാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും.

ആരംഭത്തില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനര്‍ബുദത്തിനെ മറ്റു കാന്‍സറില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാല്‍ 100% ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടു പിടിക്കപ്പെടുന്ന കാന്‍സര്‍ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന് ബ്രസ്റ്റ് കാന്‍സര്‍ മുഖേന പരിമിതി ഇല്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടു പിടിക്കപ്പെടുന്ന സ്താനര്‍ബുദം, 5 മുതല്‍ 10 വര്‍ഷം കഴിയുമ്പോള്‍ മരണ കാരണമായേക്കാം. ഇത്തരക്കാരില്‍ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും തുടര്‍ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

ചികിത്സ

കാന്‍സര്‍ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, മാറ്റം ചെയ്ത ഭാഗം Histopathologic Examination-നു ശേഷം ആവശ്യമായ റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ നല്‍കുക.

ബ്രസ്റ്റ് കാന്‍സറിന്റെ ചികിത്സ ഒരു ടീം വര്‍ക്ക് ആണ്. ജനറല്‍ സര്‍ജന്‍, ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് സൈക്യാട്രിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം വര്‍ക്കിലൂടെയാണ് ഒരു കാന്‍സര്‍ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിഷാദം അനുഭവപ്പെടുന്നവര്‍ക്ക് സൈകാട്രിസ്റ്റിന്റെ (Psychiatrist) സേവനം ഉറപ്പുവരുത്തേണ്ടതാണ്.