ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവും ; കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത കളിക്കാരൻ ; ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു
സ്വന്തം ലേഖകൻ
ലണ്ടന്‍: ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 38കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് അവസാന മത്സരമായിരിക്കുമെന്നും അറിയിച്ചു.
‘പ്രൊഫഷണല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ടെന്നിസില്‍ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷം. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാന്‍ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് നന്ദി’ താരം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു നദാല്‍, കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത നദാര്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നേടിയത്. 2005ലാണ് നദാല്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കീരിടം ചൂടിയത്. അവസാനമായി 2022ലും.
2008ലെ ബീജിങ് ഒളിംപിക്‌സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്‌സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്‌സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും അവസാന മത്സരം.