play-sharp-fill
മുൻവൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു ; പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മുൻവൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു ; പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചു വെച്ച ശേഷം പുരയിടത്തില്‍ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും.

നെയ്യാറ്റിൻകര, ചെങ്കല്‍, കുഴിച്ചാണി അശ്വതി ഭവനില്‍ ജോണിനെ(53)യാണ് ഇരട്ട ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമായി നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. ചെങ്കല്‍, തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടില്‍

തോമസിനെ(43)യാണ് ജോണ്‍ കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതി ജോണ്‍ കൊലചെയ്യപ്പെട്ട തോമസിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് പറഞ്ഞു വിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മില്‍ ഉന്തും തള്ളും പിടിവലിയും കളിയാക്കലുകളും പതിവായിരുന്നു. ജൂണ്‍ 23ന് രാത്രി ചെങ്കല്‍ വട്ടവിള ജംഗ്ഷനില്‍ ജോജു എന്നയാള്‍ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിന് മുൻവശത്ത് വെച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി, തോമസിനെ നാട്ടുകാരുടെ മുന്നില്‍ വെച്ചു പിടിച്ചു തള്ളുകയും കളിയാക്കുകയും ചെയ്ത ശേഷം അനുനയിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ തോമസിനെ പ്രതി ജോണി നിർബന്ധിച്ച്‌ അയാളുടെ ബൈക്കില്‍ കയറ്റി കുഴിച്ചാണിയിലെ പ്രതി താമസിക്കുന്ന അശ്വതി ഭവൻ വീടിന്റെ ഹാള്‍മുറിയില്‍ ബലമായി കൊണ്ട് ചെന്ന് രാത്രിയില്‍ മർദ്ദിച്ച്‌ അവശനാക്കി.

 

പാറക്കഷണം കൊണ്ട് തോമസിന്റെ നെഞ്ചില്‍ ഇടിച്ച്‌ എട്ട് വാരിയെല്ലുകള്‍ പൊട്ടിച്ചും തല പിടിച്ച്‌ മുറിയില്‍ ഉണ്ടായിരുന്ന കട്ടിലിന്റെ കാലില്‍ ഇടിച്ചുമാണ് തോമസിനെ ജോണി കൊലപ്പെടുത്തിയത്. അടുത്ത ദിവസമാണ് തോമസിന്റെ മൃതദേഹം വീടിന് പുറത്തുള്ള കോമ്ബൗണ്ട് മതിലിനോട് ചേർന്ന് കിടക്കുന്നതായി കണ്ടെത്തിയത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച പാറക്കല്ലിന്റെ കഷണവും, രക്തം തുടച്ചു കളയാൻ ഉപയോഗിച്ച പ്രതിയുടെ തോർത്ത്‌, മുണ്ട്, ഷർട്ട്‌ എന്നിവയും കണ്ടെടുത്തു. വീട്ടിലെ തറയില്‍ കണ്ട രക്തക്കറയും, പ്രതിയുടെ വസ്ത്രങ്ങളില്‍ കണ്ട രക്തക്കറയും, വായില്‍ നിന്നുമുള്ള ശ്രവങ്ങളും ഫോറൻസിക് പരിശോധനയില്‍ മരണപ്പെട്ട തോമസിന്റേതാണെന്ന് തെളിഞ്ഞു.

 

കൃത്യം നടന്ന ദിവസം രാത്രിയില്‍ ജോണി, തോമസിനെ ബൈക്കിന്റെ പുറകിലിരുത്തി കൊണ്ടുപോകുന്നത് വട്ടവിള ജംഗ്ഷനിലെ സർവീസ് സഹകരണ ബാങ്കിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റൊരു തെളിവായി മാറി. കോടതിയുടെ ചോദ്യത്തില്‍ പ്രതി കൃത്യം നടന്ന ദിവസം തന്റെ സഹോദരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ രണ്ടു സഹോദരങ്ങള്‍  ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ പ്രതി ജോണി നിരവധി കഞ്ചാവ്, ചാരായം, മണല്‍ കടത്ത് കേസുകളിലും പ്രതിയായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയുടെ ഭാര്യയും മക്കളും 9 വർഷം മുന്നേ പിണങ്ങി പോയിരുന്നു.

 

കുറ്റം തെളിഞ്ഞതോടെ 341,342,364, 323,326,& 302 എന്നീ വകുപ്പുകള്‍ പ്രകാരം കോടതി പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രോസിക്യുഷൻ കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചു. 70 രേഖകളും 37 കേസില്‍പ്പെട്ട വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. പാറശ്ശാല പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍, സർക്കിള്‍ ഇൻസ്‌പെക്ടർമാരായ ഇ.കെ സോള്‍ജി മോൻ, എം.ആ‍ർ മൃദുല്‍ കുമാർ, ടി.സതികുമാർ എന്നിവരാണ് തുടരന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ ഹാജരായി.