സിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ്: പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിൽ വീഡിയോ കോളും ഭീഷണിയും, പ്രവാസിയിൽ നിന്നും 12.91 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ
കണ്ണൂർ: സി.ബി.ഐ. ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ ശാന്തിനഗർ സ്വദേശി ജിതിൻ ദാസ് (20) എന്നിവരെ ടൗൺ പോലീസ് സംഘം എറണാകുളത്ത് പിടികൂടിയിരുന്നു.
കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയുടെ പണമാണ് പ്രതികൾ തട്ടിയെടുത്തത്. സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവാസിയെ ബന്ധപ്പെട്ടത്. സി.ബി.ഐ. ഓഫീസറാണെന്ന വ്യാജേന പോലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പല തവണയായി പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുക്കുകയായിരുന്നു. പണം ലഭിച്ചതോടെ ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികൾ വെറും കണ്ണികളാണെന്നും ഇവർക്ക് പിറകിൽ വൻ റാക്കറ്റ് ഉണ്ടെന്നും ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. അറസ്റ്റിലായ ഇർഫാൻ ഇഖ്ബാലാണ് മുഖ്യ പ്രതി. ഒരുലക്ഷത്തിന് 1000 രൂപ കമ്മിഷനാണെന്നും ജിതിൻ ദാസ് പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.