video
play-sharp-fill
‘വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല’ ; കേസ് മാറ്റി വയ്ക്കണമെന്ന് അഭ്യര്‍ഥിച്ച ജൂനിയര്‍ അഭിഭാഷയ്ക്ക് എതിരെ കെ-റെറ ചെയര്‍മാന്‍ സഭ്യേതര പരാമര്‍ശം നടത്തി ; അപലപിച്ച്‌ ബാര്‍ അസോസിയേഷന്‍

‘വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല’ ; കേസ് മാറ്റി വയ്ക്കണമെന്ന് അഭ്യര്‍ഥിച്ച ജൂനിയര്‍ അഭിഭാഷയ്ക്ക് എതിരെ കെ-റെറ ചെയര്‍മാന്‍ സഭ്യേതര പരാമര്‍ശം നടത്തി ; അപലപിച്ച്‌ ബാര്‍ അസോസിയേഷന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേസിന്റെ വാദത്തിനിടെ, കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി( കെ-റെറ) ചെയര്‍മാന്‍ പി എച്ച്‌ കുര്യന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തെ അപലപിച്ച്‌ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍.

ഒക്ടോബര്‍ മൂന്നിന് റെറയ്ക്ക് മുമ്ബാകെ വന്ന കേസില്‍ ഹാജരായ അഭിഭാഷകയോട് അനുചിതവും താഴ്ത്തിക്കെട്ടുന്നതുമായ പരാമര്‍ശം ചെയര്‍മാന്‍ ഉപയോഗിച്ചുവെന്നാണ് അസോസിയേഷന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സീനിയര്‍ അഭിഭാഷകന്റെ കുടുംബത്തില്‍ ഉണ്ടായ മരണം കാരണം അദ്ദേഹത്തിന് ഹാജരാകാന്‍ കഴിയാത്തതിനാല്‍ കേസ് മാറ്റി വയ്ക്കണമെന്നാണ് ജൂനിയറായ അഭിഭാഷക ത്രേയാ ജെ പിള്ള ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് മറുപടിയായി റെറ ചെയര്‍മാന്റെ ഭാഗത്ത് നിന്ന് അനുചിതമായ പരാമര്‍ശമാണ് ഉണ്ടായത്. ‘വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേസ് മാറ്റി വയ്ക്കാനുള്ള അപേക്ഷ അദ്ദേഹം പരിഹാസഭാവത്തില്‍ തള്ളിക്കളയുകയും ചെയ്തുവെന്ന് അസോസിയേഷന്‍ ആരോപിച്ചു.

ഇത്തരം ഭാഷയും പെരുമാറ്റവും കെ റെറയ്ക്ക് മുമ്ബില്‍ ഹാജരാകുന്ന അഭിഭാഷകന്റെ അന്തസിനെ ഹനിക്കുന്നതാണ്. അതിനൊപ്പം പ്രൊഫഷണല്‍ മര്യാദയുടെ മോശം ഉദാഹരണവുമാണ്. ജൂനിയര്‍ അഭിഭാഷയ്ക്ക് എതിരെ ഇത്തരം ഭാഷ പ്രയോഗിച്ചതിനെ ശക്തമായി അപലപിക്കുന്നതായും അസോസിയേഷന്‍ റെറ ചെയര്‍മാന് അയച്ച കത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കേണ്ടത് പ്രൊഫഷണല്‍ മര്യാദ ഉയര്‍ത്തിപ്പിടിക്കാന്‍ അത്യാവശ്യമാണെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലു എസ് എസ്, സെക്രട്ടറി സനോജ് ആര്‍ നായര്‍ എന്നിവര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അടുത്തിടെ, കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജി വേദവ്യാസാചാര്‍ ശ്രീശാനന്ദ അഭിഭാഷകയെ കോടതിനടപടികള്‍ക്കിടെ അധിക്ഷേപകരമായ പരാമര്‍ശങ്ങളോടെ ശാസിച്ചത് വിവാദമായിരുന്നു. എതിര്‍കക്ഷിയുടെ അഭിഭാഷകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയതാണ് വനിതാ അഭിഭാഷകയ്ക്കെതിരേ തിരിയാന്‍ ജഡ്ജിയെ പ്രേരിപ്പിച്ചത്.

എതിര്‍കക്ഷിയെ അഭിഭാഷകയ്ക്ക് അടുത്തറിയാമെന്നു തോന്നുന്നുവെന്നും അടുത്തഘട്ടത്തില്‍ അയാളുടെ അടിവസ്ത്രങ്ങളുടെ നിറംപോലും അവര്‍ വെളിപ്പെടുത്തിയേക്കാമെന്നുമായിരുന്നു ശ്രീശാനന്ദ പറഞ്ഞത്. രണ്ടു സംഭവങ്ങളുടെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയം സുപ്രീം കോടതി പരിഗണിക്കുകയും പിന്നീട് ഹൈക്കോടതി ജഡ്ജി മാപ്പു പറയുകയും ചെയ്തിരുന്നു.