ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയ പത്തു വയസുകാരന്റെ കാലിലെ ഞരമ്പ് മുറിച്ച് ഡോക്ടര്‍ ; പരാതിയുമായി കുടുംബം
സ്വന്തം ലേഖകൻ
കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയ പത്തു വയസുകാരന്റെ കാലിലെ ഞരമ്പ് മുറിച്ച് ഡോക്ടര്‍. കാസര്‍കോട് പുല്ലൂര്‍ പെരളത്തെ അശോകന്റെ മകന് ആദിനാഥിന് ഹെര്‍ണിയ ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയത്.
ജില്ലാ ആശുപത്രിയിലെ സര്ജന് ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ഡോക്ടര്‍ തന്നെ കുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ചികിത്സാച്ചെലവ് വഹിക്കാമെന്ന് പറഞ്ഞ ഡോക്ടര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞമാസം 19നാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്‍ക്കുകയോ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച് കുടുംബം ഡിഎംഒക്ക് പരാതി നല്‍കിയിരുന്നു.