ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഡിവൈഎഫ്ഐ നേതാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ ; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത് 15 ലക്ഷം രൂപ വാങ്ങി ; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി സ്കൂള്‍ അദ്ധ്യാപിക
സ്വന്തം ലേഖകൻ
കാസര്‍കോട്: കുമ്പളയില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിത ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.
കൂടുതല്‍ പേരെ അദ്ധ്യാപികയായ സച്ചിത കബളിപ്പിച്ചുവെന്ന സംശയത്തിലാണ് പൊലീസ് ഉള്ളത്. സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിത റേ. പത്ത് ദിവസം മുമ്ബാണ് സച്ചിതയെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമ്ബള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയുടെ കയ്യില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അദ്ധ്യാപികയാണ് ബല്‍ത്തക്കല്ല് സ്വദേശിയായ സച്ചിത. അസിസ്റ്റന്റ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്മിത പറയുന്നു. അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിത. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും യുപിഐ പേമെന്റ് വഴിയുമാണ് പരാതിക്കാരിയില്‍ നിന്ന് സച്ചിത പണം തട്ടിയത്. 15.05 ലക്ഷം രൂപയാണ് 2023 മേയ് 31 – ഓഗസ്റ്റ് 23 തീയതികള്‍ക്കിടയില്‍ നല്‍കിയിരിക്കുന്നത്. കടം വാങ്ങിയുള്‍പ്പെടെ പണം നല്‍കുകയായിരുന്നുവെന്നാണ് പരാതിക്കാരി നിഷ്മിത പറയുന്നത്. ജോലി ലഭിക്കുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും അതിന്റെ നടപടികളാകാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തിരിച്ചുതരാന്‍ ഉദ്ദേശമില്ലെന്ന് മനസ്സിലായതോടെയാണ് പരാതി നല്‍കിയതെന്നും നിഷ്മിത പറയുന്നു.