play-sharp-fill
നാല് ദിവസം മുൻപ് ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു ; മനോവിഷമത്തിൽ ഡ്രൈവർ ആത്മഹത്യ ചെയ്തു

നാല് ദിവസം മുൻപ് ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു ; മനോവിഷമത്തിൽ ഡ്രൈവർ ആത്മഹത്യ ചെയ്തു

കാസർഗോഡ് : ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തില്‍ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. ഓട്ടോ ഡ്രൈവർ അബ്ദുല്‍ സത്താറിനെ (55) യാണ് കാസർകോട് റെയില്‍വേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് വർഷത്തോളമായി റെയില്‍വേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സില്‍ താമസിക്കുന്ന ഇദ്ദേഹം നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച്‌ കുടുംബം പുലർത്തുകയായിരുന്നു. നാല് ദിവസം മുമ്ബ് വൈകീട്ട് 5.55 മണിയോടെ കാസർകോട് ഗീത ജംക്ഷൻ റോഡില്‍ വെച്ച്‌ അബ്ദുല്‍ സത്താർ ഓടിച്ച കെ എല്‍ 14 എഡി 9971 നമ്ബർ ഓട്ടോറിക്ഷ പൊതുജനങ്ങള്‍ക്കും യാത്രക്കാർക്കും മാർഗതടസ്സം ഉണ്ടാക്കുന്ന വിധം റോഡിൻ്റെ മധ്യത്തില്‍ നിർത്തിയെന്ന കുറ്റം ചുമത്തിയാണ് ബിഎൻഎസ്‌എസ് ആക്‌ട് 35/3 പ്രകാരം നോടീസ് നല്‍കി ഓടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വായ്പ എടുത്താണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. പിന്നീട് സഹപ്രവർത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊപ്പം കാസർകോട് ഡിവൈഎസ്‌പി ഓഫീസില്‍ നേരിട്ട് ചെന്ന് അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നല്‍കിയെങ്കിലും തിരിച്ച്‌ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഓടോറിക്ഷ വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുല്‍ സത്താറിനെ ക്വാർടേഴ്‌സിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഡ്രൈവർമാർ സംഘടിക്കുകയും ഇൻക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവർമാരെ പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ഡ്രൈവർമാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 250 രൂപ പിഴയടച്ച്‌ വിട്ടുകൊടുക്കേണ്ട ഓട്ടോറിക്ഷയാണ് പൊലീസ് അനാവശ്യമായി പിടിച്ചുവെച്ചതെന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നത്.

മരണത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ഓടോറിക്ഷകളും ഓട്ടം നിർത്തി പണിമുടക്കിയിരിക്കുകയാണ്. പണിമുടക്കിയ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. പ്രശ്‌ന പരിഹാരത്തിനായി കാസർകോട് ഡിവൈഎസ്‌പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചർച്ച നടത്തിവരികയാണ്.