ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം; ദീപ കര്‍മാകര്‍ വിരമിച്ചു ; പടിയിറക്കം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സുവര്‍ണ നേട്ടവുമായി
സ്വന്തം ലേഖകൻ
അഗര്‍ത്തല: ഇന്ത്യക്കായി ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ദീപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം അരങ്ങേറിയ പാരിസ് ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ സാധിക്കാതെ വന്നിരുന്നു. പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി.
ജിംനാസ്റ്റിക്‌സിലെ ഏറ്റവും കടുപ്പമേറിയ ‘വോള്‍ട്ട്’ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചാണ് താരം ശ്രദ്ധേയയായത്. അന്ന് ഫൈനലിലേക്ക് കുതിച്ചെത്തിയ താരത്തിനു നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ല്‍ താരം ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വോള്‍ട്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. കോട്ബസില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. 2014ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2015ല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെങ്കല നേട്ടവുമുണ്ട്. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയതാണ് ഈ ഇനത്തിലെ താരത്തിന്റെ അവസാന നേട്ടം.
‘കഴിഞ്ഞ 25 വര്‍ഷമായി എന്നെ നയിച്ച, വലിയ ശക്തിയാകാന്‍ സഹായിച്ച പരിശീലകരായ ബിശ്വേശ്വര്‍ സര്‍, സോമ മാം എന്നിവര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ത്രിപുര സര്‍ക്കാരില്‍ നിന്ന് എനിക്ക് ലഭിച്ച പിന്തുണയ്ക്കും നന്ദി. ജിംനാസ്റ്റിക്സ് ഫെഡറേഷന്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഗോ സ്പോര്‍ട്സ് ഫൗണ്ടേഷന്‍, മെരാകി സ്പോര്‍ട്സ് & എന്റര്‍ടൈന്‍മെന്റ് എന്നിവരോടുള്ള കടപ്പാടും ഓര്‍ക്കുന്നു. എന്റെ നല്ല സമയത്തും കരിയറിലെ മോശം ഘട്ടങ്ങളിലും ഒപ്പം കുടുംബത്തിനും നന്ദി.’
‘ഞാന്‍ വിരമിക്കുകയാണെങ്കിലും, ജിംനാസ്റ്റിക്‌സുമായുള്ള എന്റെ ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല. ജിംനാസ്റ്റിക്‌സിനു ഭാവിയില്‍ എന്തെങ്കിലും തിരികെ നല്‍കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ എന്നെപ്പോലെ വളരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ഉപദേശിക്കുകയോ പരിശീലിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം’- വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി.