ഒന്നര കോടി രൂപ ലോൺ വാഗ്ദാനം ചെയ്ത് കമ്മിഷനായി 5 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ; തമിഴ്നാട് സ്വദേശിയായ പ്രതിയെ സാഹസികമായി പിടികൂടിയത് വേലംപാളയത്തെ സങ്കേതത്തിൽ നിന്നും തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം
കോട്ടയം: ഒന്നര കോടി രൂപയുടെ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയ കേസിൽ തിരുപ്പൂർ സ്വദേശി പൊൻചന്ദ്ര മൗലീശ്വരൻ എന്നയാൾ
പൊലീസ് പിടിയിലായി. തൃക്കൊടിത്താനം സ്വദേശിയെ ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 16 ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ട് വാങ്ങി ഇയാൾ ബാങ്കിൽ നിന്നും പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനായി നിരവധി ബാങ്ക് അക്കൗണ്ടുകളും പ്രതി സൂക്ഷിക്കുന്നുണ്ട്.
ചെറുകിട വ്യവസായങ്ങൾ നടത്തുന്ന ആളുകളെ സമീപിച്ച് ബിസിനസ് ആവശ്യത്തിനായി കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓം മുരുകാ ചിറ്റ് ഫണ്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപയ്ക്ക് മുകളിൽ ലോൺ തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തിരുപ്പൂർ സ്വദേശി പൊൻചന്ദ്ര മൗലീശ്വരൻ എന്നയാൾ തട്ടിപ്പ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ വൻ തുക വാഗ്ദാനം ചെയ്ത് കരാറിൽ ഏർപ്പെടുകയും, ഷുവർട്ടിയായി, അക്കൗണ്ട് പേ ചെക്കുകൾ വാങ്ങി തന്റെ ബാങ്കിൽ ചെക്കുകൾ മാറി പണം പിൻവലിക്കുകയാണ് ഇയാളുടെ തട്ടിപ്പ് തന്ത്രം. പ്രതി സമാനമായ കുറ്റകൃത്യങ്ങൾ മഹാരാഷ്ട്രയിലും തെലുങ്കാനയിലും തമിഴ്നാട്ടിലും നടത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ചങ്ങനാശ്ശേരി ഡിവൈഎസ്പി, കെ വി വിശ്വനാഥന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഓ എം ജെ അരുൺ, സബ് ഇൻസ്പെക്ടമാരായ അരുൺകുമാർ പി എസ്, സിബി മോൻ പി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, അരുൺ, എന്നിവരുടെ സംഘമാണ് തമിഴ്നാട് വേലംപാളയത്തിൽ നിന്നും സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു