play-sharp-fill
മഴ കനത്തു: ഫാമിന്റെ ഭിത്തിക്ക് വിള്ളല്‍; പുറത്തുചാടാതിരിക്കാൻ നൂറിലധികം മുതലകളെ കൊന്നൊടുക്കി ഉടമ: വെള്ളം കൊണ്ടുതന്നെ ജനങ്ങള്‍ ദുരിതത്തിലാണ്, അപ്പോള്‍ വെള്ളത്തിലൂടെ മുതലകൂടി വന്നാലോ?

മഴ കനത്തു: ഫാമിന്റെ ഭിത്തിക്ക് വിള്ളല്‍; പുറത്തുചാടാതിരിക്കാൻ നൂറിലധികം മുതലകളെ കൊന്നൊടുക്കി ഉടമ: വെള്ളം കൊണ്ടുതന്നെ ജനങ്ങള്‍ ദുരിതത്തിലാണ്, അപ്പോള്‍ വെള്ളത്തിലൂടെ മുതലകൂടി വന്നാലോ?

ലാംഫുൺ: ഇക്കൊല്ലം ഏഷ്യ കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് സെപ്തംബറില്‍ കടന്നുപോയ യാഗി ചുഴലിക്കാറ്റ്. ഏഷ്യയുടെ തെക്ക്-കിഴക്കൻ രാജ്യങ്ങളേയും തെക്കൻ ചൈനയേയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിരുന്നു.

കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി തായ്ലൻഡില്‍ മാത്രം ഇരുപതിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൃഷിയിടങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ കേടുപാടുകള്‍ വേറെ. വെള്ളപ്പൊക്കം വരുത്തിവെച്ച പല ഭീകരതകളും ഇപ്പോഴാണ് പുറത്തുവരുന്നത്. ഇതില്‍, വെള്ളപ്പൊക്കത്തില്‍ പുറത്തുചാടുമെന്ന് ഭയന്ന് ഒരു കർഷകൻ തന്റെ ഫാമില്‍ വളർത്തിയിരുന്ന 120 മുതലകളെ കൊന്നൊടുക്കിയ വാർത്തയാണ് ഇപ്പോള്‍ ലോകം ചർച്ചചെയ്യുന്നത്.

തായ്ലൻഡിന്റെ വടക്കൻ പ്രവിശ്യയിലുള്ള ലാംഫുണിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. നത്തപക് ഖുംകഡ് എന്ന കർഷകനാണ് തന്റെ ഫാമില്‍ വളർത്തിയിരുന്ന മുതലകളെ കൂട്ടക്കുരുതി ചെയ്തത്. വംശനാശഭീഷണി നേരിടുന്ന സയാമീസ് ഇനത്തില്‍പെട്ട 120 മുതലകളെയാണ് ഇയാള്‍ ഫാമില്‍ വളർത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ ഖുംകഡ് പറയുന്നതിങ്ങനെ: 17 വർഷമായി ഞാൻ ഈ മുതല ഫാം നടത്തുന്നു. മുമ്പും വെള്ളപ്പൊക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഫാമിനെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ സ്ഥിതി മാറി.
മുതലകളെ വളർത്തിയിരുന്ന പ്രത്യേക ഇടത്തിന്റെ സംരക്ഷണഭിത്തിക്ക് വിള്ളല്‍ കണ്ടു. വെള്ളം ഇനിയും ശക്തമായി ഒഴുകിയെത്തിയാല്‍ അത് ഭിത്തി തകർത്ത് അകത്തേക്ക് പ്രവേശിക്കുമെന്ന് ഉറപ്പായി.

24 മണിക്കൂറിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കാൻ ഞാൻ നിർബന്ധിതനായി. ഉടൻതന്നെ ലംഫൂണിലെ ഫിഷറി ഓഫീസ് ചീഫ് പോണ്‍തിപ് നുവലനോങുമായി ബന്ധപ്പെട്ടു. 13 അടിവരെ നീളമുള്ള മുതലകളെ ഇങ്ങനെ ഒരു സാഹചര്യത്തില്‍ എങ്ങോട്ടെങ്കിലും മാറ്റുക എന്നത് ദുഷ്കരമാണെന്ന് ചീഫ് പറഞ്ഞതോടെ കടുത്ത തീരുമാനമെടുക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു.

മുതലകളെ വളർത്തിയിരുന്ന ടാങ്കിനുള്ളിലെ വെള്ളത്തിലേക്ക് കറന്റ് കടത്തിവിട്ടാണ് അവയെ കൊന്നത്. ടാങ്ക് തകർന്ന് ഈ മുതലകള്‍ പുറത്തുപോയാലുള്ള അവസ്ഥ ആലോചിച്ചപ്പോഴാണ് ഇതു ചെയ്യാനുള്ള ധൈര്യം എനിക്ക് കിട്ടിയത്.

വെള്ളം കൊണ്ടുതന്നെ ജനങ്ങള്‍ ദുരിതത്തിലാണ്, അപ്പോള്‍ വെള്ളത്തിലൂടെ മുതലകള്‍ കൂടി വന്നാലോ.. ആലോചിക്കാൻ കൂടി വയ്യ. അതിനാല്‍ നഷ്ടപ്പെടാവുന്ന നിരവധി ജീവനുകളെ ഓർത്താണ് ഞാൻ ഈ പ്രവൃത്തി ചെയ്തത്. മറ്റെന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാനിതു ചെയ്യില്ലായിരുന്നു, ഖുംകഡ് പറയുന്നു.

തായ്ലൻഡ്, ഇന്തോനേഷ്യ, ബ്രൂണെ, കിഴക്കൻ മലേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ശുദ്ധജല മുതലയാണ് സയാമീസ് മുതലകള്‍. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമാണ് ഇവ.

തോലിനും ഇറച്ചിക്കുമായി വലിയ തോതില്‍ കൊന്നൊടുക്കിയതാണ് ഇവയെ വംശനാശത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഇപ്പോഴും തായ്ലൻഡില്‍ ഉടനീളം സയാമീസ് മുതലകളെ ഫാമുകളില്‍ വളർത്തുകയും തോലിനും ഇറച്ചിക്കുമായി കശാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്.