play-sharp-fill
വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ; ചതിക്കുഴികളിൽ വീണവരിൽ ഏറെയും യുവതീ, യുവാക്കൾ ; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരുടെ എണ്ണം കട്ടപ്പനയില്‍ സജീവം ; ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 32 സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തി

വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ; ചതിക്കുഴികളിൽ വീണവരിൽ ഏറെയും യുവതീ, യുവാക്കൾ ; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരുടെ എണ്ണം കട്ടപ്പനയില്‍ സജീവം ; ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 32 സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കട്ടപ്പന: വിദേശത്ത് ജോലിയും വിസയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരുടെ എണ്ണം കട്ടപ്പനയില്‍ പതിവാകുന്നു. കുറഞ്ഞ ചിലവില്‍ വിസയും വിദേശ ജോലിയും നല്‍കാമെന്ന വാഗ്ദാനവുമായി എത്തുന്ന സ്ഥാപനങ്ങള്‍ പിന്നീട് വൻതുകകള്‍ ഉദ്യോഗാർത്ഥികളില്‍ നിന്ന് കൈപ്പറ്റും. പലപ്പോഴും വിസ കൈപ്പറ്റി വിദേശത്ത് എത്തുമ്ബോള്‍ മാത്രമാണ് ചതി മനസ്സിലാക്കുക.

ഇതോടെ പരാതിയുമായി നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയും ഉണ്ടാകുന്നു. കട്ടപ്പന കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. കട്ടപ്പന നഗരത്തില്‍ മാത്രം 32 സ്ഥാപനങ്ങളാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത്. കേരളത്തിലെ യുവതീ, യുവാക്കളില്‍ നിന്ന് യു.കെ, അയർലൻഡ്, ജർമ്മനി, കമ്ബോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും വർക്ക് വിസയിലും നല്ല ജോലികള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച്‌ വൻ തുകകള്‍ വാങ്ങിയെടുത്ത ശേഷം വ്യാജ വിസയും വ്യാജ എയർ ടിക്കറ്റുകളും നല്‍കുന്ന അനേകം സ്ഥാപനങ്ങള്‍ കട്ടപ്പന കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ടെന്ന നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 26, 27 തീയതികളില്‍ കട്ടപ്പനയില്‍ പ്രവർത്തിച്ചുവരുന്ന വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്തി. പരിശോധനയില്‍ പല സ്ഥാപനങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയും ജോബ് വിസയും നല്‍കുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.

എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പ്രവർത്തിച്ചു വരുന്ന അനധികൃത സ്ഥാപനങ്ങളുടെ സബ് ഏജൻസികള്‍ എന്ന നിലയിലാണ് കട്ടപ്പനയിലെ വിവിധ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതെന്നാണ് വിവരം. തൊഴില്‍ അന്വേഷകരില്‍ നിന്ന് വൻതുകുകള്‍ വാങ്ങിയ ശേഷം വ്യാജ വിസയും ടിക്കറ്റുകളും മറ്റും നല്‍കുന്നതായി പരാതികള്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥാപന ഉടമകളെ പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും തുടർനടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

മതിയായ രേഖകളില്ലാതെയും സർക്കാരിന്റെ അനുമതി ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.