5 വര്‍ഷത്തിന് ശേഷം ‘ദേവര’ സിനിമയിൽസോളോ ഹീറോയായ് ജൂനിയര്‍ എൻടിആര്‍
കൊച്ചി : ഇന്ത്യൻ സിനിമ ഇന്റസ്ട്രിയില്‍ വലിയ ആരാധകവൃത്തമുള്ള നടനാണ് ജൂനിയർ എൻടിആർ. താരത്തിന്റെ സിനിമകള്‍ പ്രേക്ഷകർ ഇരു കരങ്ങളും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്
ഒടുവിലായ് പുറത്തിറങ്ങിയ ആർആർആർ (രൗദ്രം രണം രുധിരം) തിയറ്ററുകളില്‍ തീർത്ത കോളിളക്കം ചെറുതല്ല. റിലീസിനൊരുങ്ങുന്ന ‘ദേവര’ക്കായ് വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 5 വർഷത്തിന് ശേഷം ജൂനിയർ എൻടിആർ സോളോ ഹീറോയായ് എത്തുന്ന സിനിമയാണിത്. അതുകൊണ്ടുതന്നെ ആരാധകരുടെ ആവേശം വാനോളമാണ്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 27 മുതലാണ് തിയറ്ററുകളിലെത്തുന്നത്.
പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം പ്ലേ ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്. ഇപ്പോഴിതാ ‘ദേവര’യെ കുറിച്ച് അനിരുദ്ധ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഇതിന് മുന്നേ ഇത്തരത്തില്‍ ട്വീറ്റ് ചെയ്ത ‘ലിയോ’, ‘ജവാൻ’, ‘ജയിലർ’ എന്നീ ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ആദ്യഭാഗം ദുല്‍ഖർ സല്‍മാൻ്റെ വേഫറർ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാണ്‍ റാമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ജനത ഗാരേജ്’ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കല്‍ കൂടി ഒരുമിക്കുന്ന ചിത്രമാണ് ‘ദേവര’. ബോളീവുഡ് താരങ്ങളായ സൈഫ് അലി ഖാൻ വില്ലനായും ജാൻവി കപൂർ നായികയായും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രൊമോഷന്റെ ഭാഗമായ് പ്രി-റിലീസ് ഇവന്റ് നടത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും ആരാധകരുടെ സ്നേഹ പ്രകടനത്തെ തുടർന്നുണ്ടായ അതിപ്രസരം കാരണം ഇവന്റ് മാറ്റിവെച്ചു. ആയിരക്കണക്കിന് ആരാധകരാണ് എൻടിആർനെ കാണാനാവാതെ മടങ്ങിപ്പോയത്.
റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ ‘ദാവൂദി’ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിള്‍, പിആർഒ: ആതിര ദില്‍ജിത്ത്.