രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; ബംഗാളി നടിയുടെ രഹസ്യ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തും
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.
കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ ക്രമീകരണം. ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തരം കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു.
അതേസമയം, രഞ്ജിത്തിനെതിരായ കേസിൽ കുറ്റപത്രം അടുത്ത ആഴ്ച സമർപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം മുന്നിൽ കണ്ടാണ് കുറ്റപത്രം നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2009-2010 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.