ട്രെയിനിലെ ലേഡീസ് കോച്ചിൽ പുരുഷന്മാർ ; കഴിഞ്ഞ വര്‍ഷം വനിതാ കോച്ചുകളിൽ പിടിയിലായ പുരുഷൻമാർ 2424 ; 500 രൂപ പിഴ ഇനത്തിൽ റയില്‍വെ ലഭിച്ചത് 9.11 ലക്ഷം രൂപ
സ്വന്തം ലേഖകൻ
കോട്ടയം: ട്രെയിനുകളിലെ ലേഡീസ് കോച്ചുകളില്‍ പുരുഷന്മാർ കയറുന്നത് പതിവാകുന്നെന്ന് പരാതി. ചിലർ ബോധപൂർവം കയറുമ്ബോള്‍ മറ്റുചിലർ അബദ്ധത്തില്‍ കയറുന്നതാണ്.
കോച്ചുകളുടെ അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ കയറുന്നത് പതിവാണെന്ന് സ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കംപാർട്ടുമെന്റിന്റെ പുറത്ത് മധ്യഭാഗത്തായാണ് ലേഡീസ് എന്ന് എഴുതിയിട്ടുള്ളത്. പലപ്പോഴും ഇതു കാണാതെയാണ് പുരുഷന്മാർ മാറികയറുന്നത്. സ്ത്രീകളുടെ കംപാർട്ടുമെന്റ് എന്ന സൂചനാബോർഡ് വാതിലിനോട് ചേർന്ന് സ്ഥാപിച്ചാല്‍ ഒരു പരിധിവരെ പരിഹാരമാകുമെന്ന് പുരുഷന്മാരും ചൂണ്ടിക്കാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ സംവരണ കോച്ചില്‍ പുരുഷൻമാർ കയറിയാല്‍ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം. ലേഡീസ് കോച്ചില്‍ പുരുഷൻമാർ കയറുന്നെന്ന പരാതി വർധിച്ചതിനെ തുടർന്ന് 500 രൂപ പിഴ ചുമത്തുന്നത് റയില്‍വെയും ശക്തമായി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 2424 പേരില്‍നിന്ന് 9.11 ലക്ഷം രൂപയും 2022-ല്‍ 1153 പേരില്‍നിന്ന് 4.70 ലക്ഷം രൂപയും പിഴ ഈടാക്കി. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത കോച്ചുകളില്‍ പുരുഷൻമാർ കയറിയാല്‍ പരാതി പറയാൻ തീവണ്ടികളില്‍ ആർ.പി.എഫ്. ഇല്ലാത്തതും തിരിച്ചടിയാണ്.
തിരക്കിനിടയില്‍ കോച്ച് മാറി അബദ്ധത്തില്‍ കയറുന്നവരാണ് അധികവും. പരശുറാം, വഞ്ചിനാട്, വേണാട് ഉള്‍പ്പെടെ കേരളത്തിലോടുന്ന 12 ട്രെയിനുകളില്‍ രണ്ടു വീതവും മലബാർ, മാവേലി, ഏറനാട് എക്‌സ്‌പ്രസുകളില്‍ ഒന്നുവീതവും ലേഡീസ് കോച്ചുകളുണ്ട്. സുരക്ഷയുടെ ഭാഗമായി ലേഡീസ് കോച്ചുകള്‍ മധ്യത്തിലും പിറകില്‍ ഗാർഡിനോട് ചേർന്നുമായിരിക്കും ഉണ്ടാവുക. ഇതില്‍ മാറ്റം വരുമ്ബോഴാണ് മാറിക്കയറലും പ്രശ്‌നങ്ങളും വരുന്നത്.