
യുവ നടി എന്നൊക്കെ പറയുന്നതെന്തിന്, നടി റോഷ്ന ആൻറോയി എന്നു തന്നെ പറയണം ; ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ ; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ പ്രതികരണവുമായി പരാതിക്കാരി
സ്വന്തം ലേഖകൻ
തിരുവനന്തപുരം; യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടി റോഷ്ന ആൻറോയി. യുവനടിയുടെ പരാതിയിൽ നടപടിയെടുത്ത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി ഫെയ്സ്ബുക്കിൽ കുറിച്ചു.
തന്റെ കുടുംബത്തെയോ തന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും അത് കൊണ്ട് തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന് റോഷ്ന പറയുന്നു. തന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല. പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ- റോഷ്ന വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ വെളിപ്പെടുത്തലുമായി റോഷ്ന ആര് റോയ് രംഗത്ത് വന്നത് ചർച്ചയായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന് നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അന്നവർ പറഞ്ഞത്.
പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാള്‍ പിന്നീട് ബസ് റോഡില്‍ നിര്‍ത്തി ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് സൂരജ് പാലാക്കാരൻ റോഷ്നയെ അധിക്ഷേപിച്ചത്. റോഷ്ന നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റോഷ്നയുടെ കുറിപ്പ്
‘‘യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ? മാധ്യമ ധർമം കൃത്യമായി വിനിയോഗിക്കണം. എന്തായാലും നിങ്ങൾ ഫെയിം കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’’ അങ്ങനെ വേണം കൊടുക്കാൻ. എന്റെ പേരിനോടൊപ്പം ‘നടി’ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങൾ .കുറച്ചൊന്നുമല്ല. ഞാൻ കണ്ണടച്ചു, നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി_…___… ഇവളേത് ?? ഇവളുടെ…’’ സർവത്ര തെറി അഭിഷേകം …!
5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് സിനി ആർട്ടിസ്റ്റ് എന്ന് ലേബൽ കൊടുത്തിരിക്കുന്നത്. എന്റെ ആഗ്രഹങ്ങൾ എന്റെ പാഷൻ നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല. സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേ ഉള്ളൂ. നമ്മളൊക്കെ പബ്ലിക് പ്രോപ്പർട്ടികൾ ആണോ .. ???
എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻകഴിയുന്നില്ല, അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല …. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ ??!
ഡ്രൈവർ യദുവിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കണ്ടന്റിനു വേണ്ടി രാഷ്ട്രീയ പരാമർശങ്ങൾ നടത്തി ഞാൻ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വിഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി … എത്ര മോശം കമന്റുകൾ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !!
ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം. ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു കണ്ടന്റ് മാത്രമാണ് എന്നെ പോലുള്ളവർ … എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവർക്കുള്ള ഒരു മുന്നറിയിപ്പു തന്നെയാണ് ഈ നടപടി !!!!
ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും … തളരരുത് ..പൊരുതണം …പൊരുതി ജയിക്കണം. ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും … ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..
എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ … “ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …” എടോ എന്റെ പണി ഇതല്ല … പക്ഷേ ഇവനൊക്കെ ഇതല്ലേ പണി … ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് … ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും.’’