കുടുംബവും കുട്ടിയും ഉള്ളതാണ്, ആ അശ്ലീല കമന്റ് ഇട്ടത് ഞാനല്ല, അപകടത്തില്‍ കൈ ഒടിഞ്ഞതിനേക്കാള്‍ വേദനയാണ് വ്യാജ പ്രചാരണങ്ങള്‍ കേൾക്കുമ്പോഴുണ്ടാകുന്നത്, ചികിത്സക്ക് സഹായം ലഭിക്കാനായി ഇട്ടതാണ് ആ ഫോട്ടോ, ദയവ് ചെയ്ത് ജീവിതം നശിപ്പിക്കരുത്; ഉള്ളുപിടയുന്ന വേദനയിൽ ആശുപത്രി കിടക്കയിൽനിന്ന് അപേക്ഷയുമായി വിശ്വാസ്
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളം ഞെട്ടിത്തരിച്ച് നിൽക്കുമ്പോൾ സഹായഹസ്തവുമായി പല ദിക്കിൽ നിന്നും നിരവധി പേരാണ് കൈതാങ്ങായി എത്തിയത്. അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാമെന്ന് പറഞ്ഞും അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് പറഞ്ഞും കേരളത്തിനെ ദുരന്തത്തിന് മുന്നിൽ പിടിച്ചു നിർത്തുകയാണ് പച്ചയായ ചില മനുഷ്യർ.
ഇതിനിടയിലും ക്രൂരതയുടെ മുഖവുമായി ചില മനുഷ്യരും കേരളത്തിന് ശാപമായി നിൽക്കുന്നുവെന്ന് തെളിയിക്കുന്ന തരത്തിൽ ചില സംഭവങ്ങളും ഈ ദുരന്തത്തിനിടയിലെ അറ്റവും വലിയ ദുരന്തമായി സംഭവിച്ചു. അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍, ഈ പോസ്റ്റിലും അശ്ലീലവുമായി ചിലര്‍ രംഗത്തുവന്നു. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യാനും ചിലര്‍ ആഹ്വാനം ചെയ്തത്. പോസ്റ്റില്‍ അശ്ലീല കമന്റിട്ട കണ്ണൂര്‍ സ്വദേശി കെ ടി ജോര്‍ജ് എന്നയാളെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ കൈകാര്യം ചെയ്ത സംഭവമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ പേരാവൂരിനടുത്ത് എടത്തൊട്ടി സ്വദേശിയാണ് കെ ടി ജോര്‍ജ്. കണ്ണൂരില്‍ ജോലി ചെയ്യുന്ന ഇയാള്‍ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കള്‍ ഇയാളെ വളഞ്ഞിട്ട് തല്ലിയത്. ഇയാളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ, മര്‍ദ്ദനമേറ്റ് കൈയൊടിഞ്ഞ് കെ ടി ജോര്‍ജ് ആശുപത്രിയില്‍ കിടക്കുകയാണെന്ന് കാണിച്ച് മറ്റൊരു ചിത്രവും വ്യാപകമായി പ്രചരിച്ചു.
എന്നാല്‍, ഈ ചിത്രം അശ്ലീല കമന്റിട്ട കെ ടി ജോര്‍ജിന്റേത് അല്ലെന്നും തന്റേതാണെന്നും അറിയിക്കുകയാണ് തിരുവനന്തപുരം അരുവിക്കര മൈലം സ്വദേശി രഞ്ജിത് എന്ന് വിളിക്കുന്ന ജി വിശ്വാസ്. സൈബറിടത്തിലെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിരിക്കയാണ് ഒന്നുമറിയാത്ത വിശ്വാസ്. ജൂലൈ 26ന് നെയ്യാറ്റിന്‍കരയിലുണ്ടായ അപകടത്തില്‍ കൈക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് വിശ്വാസ്.
എക്‌സിബിഷനും തെരുവോരകച്ചവടവും നടത്തിയാണ് വിശ്വാസ് കഴിഞ്ഞിരുന്നത്. താന്‍ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ എക്‌സിബിഷന്‍ പ്രവര്‍ത്തകരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ വിശ്വാസ് ഇട്ടിരുന്നു. ഈ ഫോട്ടോയാണ് കണ്ണൂരില്‍ മര്‍ദനമേറ്റ് കിടക്കുന്ന കെ ടി ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിച്ചത്.
ഫോട്ടോ വെച്ച് വ്യാപക സൈബര്‍ ആക്രമണവുമുണ്ടായി. ഇതോടെ കടുത്ത മനോവിഷമത്തിലാണ് അദ്ദേഹം. അപകടത്തില്‍ കൈ ഒടിഞ്ഞതിനേക്കാള്‍ വലിയ വേദനയാണ് വ്യാജ പ്രചാരണങ്ങള്‍ കാണുമ്പോള്‍ തനിക്കുണ്ടാകുന്നതെന്ന് വിശ്വാസ് പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ വിശ്വാസിന് ചികിത്സക്കും സര്‍ജറിക്കുമായി ഇനിയും തുക ആവശ്യമുണ്ടായിരുന്നു. സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് എക്‌സിബിഷന്‍ പ്രവര്‍ത്തകരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഫോട്ടോയിട്ടത്. എന്നാല്‍, അശ്ലീല കമന്റിട്ട് തല്ലുകൊണ്ടയാള്‍ എന്ന നിലക്കാണ് ഇപ്പോള്‍ തന്റെ ഫോട്ടോ പ്രചരിക്കുന്നതെന്ന് വിശ്വാസ് വേദനയോടെ പറയുന്നു.
തനിക്ക് കുടുംബവും കുട്ടിയുമുണ്ടെന്നും താനല്ല അശ്ലീല കമന്റിട്ടതെന്ന് തിരിച്ചറിയണമെന്നും ഫോട്ടോ പ്രചരിപ്പിക്കരുതെന്നും വിശ്വാസ് അഭ്യര്‍ത്ഥിക്കുന്നു.
അതിനിടെ, പോസ്റ്റിന് അശ്ലീല കമന്റിട്ട മറ്റൊരാളെ ഇന്നലെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനന്‍ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ചെര്‍പ്പുളശ്ശേരി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.