play-sharp-fill
ദുരന്തബാധിതർക്ക് കൈതാങ്ങായി “സപ്പോർട്ട് വയനാട്” പദ്ധതിയുമായി പ്രവാസികൾ; നാട്ടിൽ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളിൽ താൽകാലിക താമസത്തിന് അവസരം, വീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം

ദുരന്തബാധിതർക്ക് കൈതാങ്ങായി “സപ്പോർട്ട് വയനാട്” പദ്ധതിയുമായി പ്രവാസികൾ; നാട്ടിൽ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളിൽ താൽകാലിക താമസത്തിന് അവസരം, വീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം

വയനാട്: വയനാട്ടിൽ വീട് നഷ്ടമായവർക്ക് താത്കാലിക താമസമൊരുക്കാൻ പ്രവാസികൾ. വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് പ്രവാസികളുടെ സഹായം.

സപ്പോർട്ട് വയനാട് പദ്ധതിയിലൂടെ നാട്ടിൽ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളിൽ താൽകാലിക താമസത്തിന് അവസരമൊരുക്കും. സ്വന്തം വീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് supportwayanad.com എന്ന വെബ്സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

കേരളത്തിലെയും അയൽ സംസ്ഥാനത്തെയും വീടുകൾ, ഹോട്ടൽ മുറികൾ, റിസോർട്ടുകൾ എന്നിവയും ഇതിൽ രജിസ്റ്റർ ചെയ്യാം. എത്രപേർക്ക് താമസിക്കാം, എത്രകാലത്തേക്ക് താമസം നൽകാം തുടങ്ങിയ വിശദാംശങ്ങളടക്കമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ സംസ്ഥാന സർക്കാറിന് ലഭ്യമാക്കും. വയനാട് ദുരിതാശ്വാസത്തിന് രൂപീകരിച്ച വകുപ്പാണ് താമസത്തിന് അർഹതയുള്ളവരെ നിർദേശിക്കുക. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ താമസത്തിന്റെ മേൽനോട്ടം നിർവഹിക്കും.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസുമായി ചർച്ച ചെയ്തുവെന്നും സംവിധാനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. താമസത്തിന് പുറമേ, വീടുകളിലേക്ക് ദുരിതബാധിതരെ എത്തിക്കാനുള്ള ട്രാൻസ്പോർട്ടിങ് സംവിധാനം, ആരോഗ്യ ശുശ്രൂഷ എന്നിവക്കും വെബ്സൈറ്റിൽ സംവിധാനമുണ്ടാകും.

ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനുള്ള സംരംഭത്തിന് സാങ്കേതിക സൗകര്യമൊരുക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. കോവിഡ് കാലത്തും, യുഎഇയിലെ പ്രളയകാലത്തും നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഈ ആശയത്തിന് പ്രചോദനമായതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്നവർ പറഞ്ഞു.