ബെയ്ലി പാലങ്ങളുടെ ചരിത്രം ചികയുമ്പോൾ: സംസ്ഥാനത്ത് ആദ്യത്തെ ബയ്ലി പാലം തിരുവനന്തപുരത്ത്
കോട്ടയം: ഉരുള്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയില്‍ കരസേനവിഭാഗം ബെയ്ലി പാലം നിര്‍മ്മിച്ചത് മണിക്കൂറുകള്‍ കൊണ്ടാണ്. ബെയ്ലി പാലത്തെക്കുറിച്ചു പറയുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി ബെയ്ലി പാലമെന്ന ആശയം പ്രാവര്‍ത്തികമായത് നമ്മുടെ തലസ്ഥാനത്താണെന്ന് പലര്‍ക്കുമറിയില്ല.
1970 ലായിരുന്നു ആ സംഭവം. തിരുവനന്തപുരം- കൊല്ലം ദേശീയ പാതയിലെ ആറ്റിങ്ങലില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പൂവമ്പാറ പാലത്തിനു കുറുകെയാണ് ഏഴര മണിക്കൂര്‍കൊണ്ട് സൈന്യം പാലം നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പില്‍ പണിത പാലമായിരുന്നു ഇത്. രാത്രിയില്‍ കൊല്ലത്തേക്ക് ചരക്കു കയറ്റിവന്ന ലോറിയിടിച്ചാണ് പാലത്തിന്റെ ഇരുമ്പ് ബീമുകള്‍ തകര്‍ന്നത്. കൈവരിയടക്കം പാലത്തിന്റെ ഡെക്കിംഗ് ആറ്റിലേക്ക് പതിച്ചു.
പാലം തകര്‍ന്നതറിയാതെ പുലര്‍ച്ചെ ആറ്റിങ്ങലിലേക്ക് നടന്നു വരികയായിരുന്ന ആലംകോട് സ്വദേശി നാരായണപിള്ള തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ.ദിവാകരന് പി.ഡബ്ലിയു.ഡി ചീഫ് എന്‍ജിനിയര്‍ സി.എം.ആന്റണിയോട് അടിയന്തര പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അന്നത്തെ എക്സിക്യുട്ടീവ് എന്‍ജിനിയറും പിന്നീട് ചീഫ് എന്‍ജിനിയറുമായ പി.പി.തോമസ് അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ബെയ്ലി പാലമെന്ന ആശയമുയര്‍ന്നത്. തുടര്‍ന്ന് ടി.കെ.ദിവാകരന് കേന്ദ്രമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസങ്ങള്‍ക്കകം കരസേന നിര്‍മ്മാണ സാമഗ്രികളുമായെത്തി. അടുത്ത ദിവസം രാവിലെ ഏഴോടെ നിര്‍മ്മാണമാരംഭിച്ചു. ഉച്ചയ്ക്ക് 2.30ഓടെ പണി പൂര്‍ത്തിയാക്കി. മന്ത്രിയുടെ കാറായിരുന്നു ആദ്യമായി പാലത്തിലൂടെ ഓടിച്ചത്. മൂന്നുമണിയോടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിപ്പോയത്. ഇക്കാര്യങ്ങളെല്ലാം പി.പി.തോമസ് പിന്നീട് എഴുതിയിട്ടുണ്ട്.
ഏനാത്ത് കൈയ്യടി നേടി
അതിനുശേഷം കേരളത്തില്‍ ബെയ്ലി പാല നിര്‍മ്മാണം പത്തനംതിട്ട റാന്നിയിലാണ്. 1996 ല്‍ റാന്നി പാലം തകര്‍ന്നപ്പോഴാണ് സൈന്യം ആശ്രയമായി എത്തിയത്. ശബരിമല സന്നിധാനത്തും പത്തനംതിട്ട ഏനാത്തും പിന്നീട് ഓരോ ബെയ്ലി പാലം നിര്‍മ്മിച്ചു. 1996 ജൂലൈ മാസം 29 ന് പമ്പാ നദിയില്‍ റാന്നിപ്പാലത്തിന്റെ മദ്ധ്യഭാഗത്തെ കോണ്‍ക്രീറ്റ് സ്പാന്‍ തകര്‍ന്നു വീണതോടെ റാന്നി രണ്ടായി മുറിഞ്ഞു. അക്കരെ ഇക്കരെ ബന്ധുവീട് ഉള്ളവര്‍ക്കടക്കം വേദനിപ്പിക്കുന്ന അനുഭവമായിരുന്നു പാലത്തിന്റെ തകര്‍ച്ച.
ശബരിമലയിലേക്കുള്ള പ്രധാനപാത എന്ന അനുകൂല ഘടകമാണ് ബെയ്ലി പാലം വരാന്‍ കാരണം. തീര്‍ത്ഥാടകര്‍ അടക്കം നേരിടുന്ന ദുരിതം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ അന്നത്തെ എംഎല്‍എയായിരുന്ന രാജു എബ്രഹാമിന് അടക്കം കഴിഞ്ഞു. മൂന്നുദിവസംകൊണ്ട് സൈന്യമെത്തി ബെയ്ലി പാലം നിര്‍മ്മിച്ചു. ബെയ്ലി പാലം നിര്‍മ്മിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം പൂര്‍ത്തിയാക്കിയത്. ഇത് തുറന്നതോടെ സൈന്യം തന്നെ ബെയ്ലി പാലം പൊളിച്ചു മാറ്റി.
2016 ഓഗസ്റ്റില്‍ ശബരിമല സന്നിധാനത്ത് സൈന്യം ഒരു ബെയ്ലി പാലം നിര്‍മ്മിച്ചു. ആസൂത്രണത്തിലെ പിഴവു കാരണം അത് ഉപയോഗിക്കേണ്ടി വന്നില്ല.
അതേസമയം ബ്രിട്ടിഷ് സിവില്‍ ഉദ്യോഗസ്ഥനായിരുന്ന ഡൊണാള്‍ഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിര്‍മ്മിച്ചത്. രണ്ടാം ലോകമഹായുദ്ധ സമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയില്‍ ബ്രിട്ടന്റെ ടാങ്കുകള്‍ക്ക് ദുര്‍ഘടമായ മലനിരകള്‍ കടന്നുപോകാന്‍ നിര്‍മ്മിച്ചത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി. ഇന്നും ഇത്തരം പാലം ഉണ്ടാക്കി ഉപയോഗിച്ചുവരുകയും ചെയ്യുന്നു.