play-sharp-fill
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് കോൺഗ്രസ് തടസ്സം പറയില്ലെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് കോൺഗ്രസ് തടസ്സം പറയില്ലെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് കോൺഗ്രസ് തടസം പറയില്ലെന്ന് കെ മുരളീധരൻ.

ഇപ്പോൾ വിവാദങ്ങൾക്ക് സ്ഥാനമില്ല. വയനാട്ടിലെ ജനങ്ങളെ സഹായിക്കാനുള്ള സംവിധാനങ്ങൾക്കൊപ്പം നിൽക്കുകയാണ് പ്രധാനമെന്നും കെ മുരളീധരൻ പറഞ്ഞു.

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നതിന് പാർട്ടി തടസം നിൽക്കില്ല. ആര് സംഭാവന നൽകിയാലും വിരോധമില്ല.

മുൻപ് പ്രളയത്തിന്റെ സമയത്ത് ഞങ്ങൾ കോൺഗ്രസിന്റെ ജനപ്രതിനിധികളെല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം കൊടുത്തിരുന്നു. തുക വിനിയോഗിച്ചത് സംബന്ധിച്ച് പിന്നീട് വിവാദം ഉയർന്നിരുന്നു.

പണം വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോൾ അല്ല ഭാവിയിൽ സംസാരിക്കേണ്ട കാര്യമാണ്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ആരാണോ സംവിധാനം ഒരുക്കുന്നത് അതിന്റെ കൂടെ നമ്മളും നിൽക്കുകയാണ് വേണ്ടത്.

വയനാടിന് വേണ്ടിയാണ് ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് വരുന്നത്. ആ ഫണ്ട് പ്രത്യേകം കൈകാര്യം ചെയ്യണം. വയനാട്ടിലെ ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി ആ പണം ഉപയോഗിക്കണം.

പാർട്ടി 100 വീടുകൾ വെച്ച് നൽകുന്നതിനാൽ ഞാൻ പണം കൊടുക്കുക പാർട്ടിക്കാണെന്നും കെ മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു വയനാടിനായി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് നൽകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഇതിനെതിരെ കെ സുധാകരൻ രംഗത്തെത്തുകയായിരുന്നു.

ഇടതുപക്ഷത്തിന്‍റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോൺഗ്രസിന് പണം സ്വരൂപിക്കാൻ ഫോറമുണ്ടെന്നുമായിരുന്നു ചെന്നിത്തലയ്ക്കെതിരായ കെ സുധാകരന്റെ വിമർശനം.

‘സർക്കാരിന് പണം കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല, പാർട്ടിക്ക് അതിന്റേതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വയനാടിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടല്ലോ. അങ്ങനെ പണം ഇടതുപക്ഷത്തിന്റെ കൈയ്യിൽ കൊടുക്കേണ്ട കാര്യമൊന്നും ഇല്ല. രമേശ് ചെന്നിത്തല അത് ചെയ്തിട്ടുണ്ടെങ്കിൽ അത് അത്ര..’, മുഴുമിപ്പിക്കാതെ സുധാകരൻ പറഞ്ഞു.

അതേസമയം സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു ചെന്നിത്തല ഈ വിവാദത്തോട് പ്രതികരിച്ചത്.

 ‘എനിക്ക് ഇതിനോടൊന്നും പ്രതികരണമില്ല. ജനങ്ങൾ ഇതൊക്കെ മനസിലാക്കട്ടെയെന്നേ പറയാനുള്ളൂ. വയനാട്ടിൽ ഞാൻ ഒരു ദിവസം ഉണ്ടായിരുന്നു. ഹൃദയബേധകമായ അവസ്ഥയാണ് അവിടെ. 400 ഓളം പേർ മരിച്ചു. നൂറുകണക്കിന് പേർ ആശുപത്രിയിലാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. അവിടെയുള്ളവരെ സഹായിക്കേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടാണ് ദുരിതാശ്വാനിധിയിലേക്ക് ശമ്പളം നൽകിയത്’, എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.