1973 ആഗസ്റ്റ് 3 ന് പുറത്തിറങ്ങിയ “മഴക്കാറ്” എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാൽ സമ്പന്നമായിരുന്നു:സാമ്പത്തികമായി പരാജയപ്പെട്ട ഈ സിനിമ ഇന്ന് ഓർമ്മിക്കപ്പെടുന്നത് കാലത്തിന് മായ്ക്കാൻ കഴിയാത്ത ” കാല” ത്തിന്റെ അത്ഭുതകരമായ പരിണാമങ്ങളെക്കുറിച്ച് വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് പാടിയ പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാമയൂഖമേ കാലമേ..” എന്ന ഗാനത്തിലൂടെയാണ്.
കോട്ടയം:“കാലം ”
മനുഷ്യന് ഒരിക്കലും നിർവ്വചിക്കാനാവാത്ത
മഹാപ്രതിഭാസം. നമുക്ക് മുൻപും നമ്മുടെ ശേഷവും കാലത്തിന്റെ അനന്തവഴികൾ എവിടെനിന്നു തുടങ്ങിയെന്നോ എവിടെ ചെന്നവസാനിക്കുമെന്നോ അറിയാതെ നീണ്ടു നീണ്ടുകിടക്കുന്നു.
ഭാരതസംസ്കാരത്തിന്റെ കളിത്തൊട്ടിലായ വേദങ്ങളിൽ കല്പാന്തകാലത്തിൽ നിന്നും ജീവന്റെ തുടിപ്പുകൾ ഈ പ്രപഞ്ചത്തിൽ പൊട്ടിവിടർന്ന് പുതുയുഗത്തിന്റെ സൗരഭ്യം വിടർത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
ആ വേദസംസ്കൃതിയുടെ വാതായനങ്ങളിലേക്ക് തത്വചിന്തയുടെ പാഞ്ചജന്യം
മുഴക്കിക്കൊണ്ട് കടന്നുചെല്ലുകയാണ് മലയാളഗാനരചയിതാക്കളിലെ ചക്രവർത്തിയായ വയലാർ രാമവർമ്മ.
” പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ ….”
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ന ഉജ്ജ്വലമായ വരികളിലൂടെ .
ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ മലയാളനാട് വാരികയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന
എസ് കെ നായർ നിർമ്മിച്ച
“മഴക്കാറി “ന്റെ കഥയെഴുതിയത്
ജി വിവേകാനന്ദൻ .
തോപ്പിൽഭാസി തിരക്കഥയെഴുതി.
മധു ,കനകദുർഗ്ഗ , ചെമ്പരത്തി ശോഭന , കെ പി എ സി ലളിത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം പി എൻ മേനോനാണ് സംവിധാനം ചെയ്തത് .
1973 ആഗസ്റ്റ് 3 ന് പുറത്തിറങ്ങിയ “മഴക്കാറ്” എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാൽ സമ്പന്നമായിരുന്നു.
“അനസൂയേ പ്രിയംവദേ …”
(മാധുരി )
“മണിനാഗ തിരുനാഗ യക്ഷിയമ്മേ …”
( ജയചന്ദ്രൻ – മാധുരി )
“വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി …”
(പിന്നീട് സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണനാണ് ഈ ഗാനം പാടിയത് )
എന്നിവയെല്ലാമായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റ് ഗാനങ്ങൾ .
സാമ്പത്തികമായി പരാജയപ്പെട്ട
ഈ സിനിമ ഇന്ന് ഓർമ്മിക്കപ്പെടുന്നത് കാലത്തിന് മായ്ക്കാൻ കഴിയാത്ത
” കാല” ത്തിന്റെ അത്ഭുതകരമായ പരിണാമങ്ങളെക്കുറിച്ച് വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി
യേശുദാസ് പാടിയ
“പ്രളയപയോധിയിൽ
ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ..”
എന്ന ഗാനത്തിലൂടെയാണ്.
പ്രകൃതിയേയും ഈശ്വരനേയും നമ്മുടെ പ്രതിരൂപങ്ങളാക്കുന്ന മഹത്തായ തത്വചിന്ത .
കാലം വിഭജിക്കപ്പെട്ടിരിക്കുന്ന മന്വന്തരങ്ങളേയും പ്രപഞ്ചത്തിന്റെ മാനസപുത്രികളായ ഋതുക്കളേയും സൗരയൂഥങ്ങളിലെ സൗരഭ്യങ്ങളേയും കുറിച്ച് ഒരു വയലാറിനല്ലാതെ മറ്റാർക്കാണ് ഇത്ര ഭംഗിയായി എഴുതാൻ കഴിയുക …. ?
പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെ കാലമായി കണ്ട
വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ
ആൽബർട്ട് ഐൻസ്റ്റെനെ കൂടി ഓർമ്മിക്കുവാൻ ഈ ഗാനം പ്രചോദനമേകുന്നു .
ഇന്ന് ഈ ഗാനത്തിന്റെ അമ്പത്തിയൊന്നാം വാർഷികദിനത്തിൽ വയലാർ കൊളുത്തി വെച്ച സ്വർഗ്ഗ ദീപാവലിയുടെ സൗന്ദര്യം നാൾക്കുനാൾ വർദ്ധിക്കുകയാണല്ലോ എന്നോർത്തു കൊണ്ട് കാലത്തിനും വയലാറിനും ഐൻസ്റ്റെനും ഒരു പുലർകാലവന്ദനം കൂടി നൽകട്ടെ .