വയനാട് ഉരുള്‍പൊട്ടൽ : തിരിച്ചറിയാതെ 74 മൃതദേഹങ്ങള്‍ ; പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.
മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ. ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ കണക്കനുസരിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ 133 എണ്ണമാണ്. കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം – 130. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം -181. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ -130. ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -56. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 21. കൈമാറിയ ശരീരഭാഗങ്ങള്‍ – 87. കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 116 എന്നിങ്ങനെയാണ്.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 319 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണു കണ്ടെടുത്തത്.