ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതിനിടെ പൂജാരിയെ കസ്റ്റഡിയിലെടുത്ത സംഭവം ; എസ്ഐയ്ക്ക് സ്ഥലം മാറ്റം
പൂന്തുറ : ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതിനിടെ പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയില്‍ പൂന്തുറ എസ്‌ഐ സന്തോഷിനെതിരെ നടപടി.
പരാതി അന്വേഷിച്ച ഫോര്‍ട്ട് എസിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിറ്റിപോലീസ് കമ്മീഷണര്‍ സന്തോഷിനെ കഴക്കൂട്ടം സ്റ്റേഷനിലേയ്ക്കു സ്ഥലംമാറ്റി.
മണക്കാട് കുര്യാത്തി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലായിരുന്നു പരാതിക്കിടയായ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ക്ഷേത്രത്തിലെ പൂജാരിയായ അരുണിനെ പൂന്തുറ എസ്ഐ സന്തോഷിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം ക്ഷേത്ര പരിസരത്ത് അതിക്രമിച്ചുകയറി ബലം പ്രയോഗിച്ച് വിലങ്ങുവച്ചു പൂന്തുറ സ്റ്റേഷനില്‍ കൊണ്ടുപോയി എന്നാണ് പൂജാരിയും ക്ഷേത്ര ഭാരവാഹികളും പോര്‍ട്ട് പോലീസിലും എസിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ പൂന്തുറ ദേവീ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ച്ച പോയിരുന്നു. ഈ സമയത്ത് അരുണ്‍ പൂന്തുറ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്നു പറഞ്ഞാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം ശക്തമായതോടെ രാത്രി എട്ടുമണിയോടുകൂടി പൂന്തുറ പോലീസ് അരുണിനെതിരികെ ക്ഷേത്ര പരിസരത്തു കൊണ്ടുവിടുകയായിരുന്നതായി പറയുന്നു.
പൂന്തുറ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ക്ഷേത്രനടപടികള്‍ തടസപ്പെടുത്തിയെന്നുമാണ് അരുണ്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം പൂന്തുറ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ച്ചപോയ സമയത്ത് അരുണ്‍ അവിടത്തെ പൂജാരിയായിരുന്നതിനാല്‍ ചിലകാര്യങ്ങള്‍ ചോദിച്ചറിയാന്‍ പല തവണ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഇയാള്‍ ഹാജരായിരുന്നില്ലെന്നു പൂന്തുറ പോലീസ് പറയുന്നു.
തുടര്‍ന്നു ക്ഷേത്രത്തിനു സമീപത്തുള്ള റോഡില്‍ വച്ചാണ് അരുണിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്‍റെ വിശദീകരണം.
സംഭവം വിവാദമായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയും പൂജാരിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് എസിപി ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൂന്തുറ എസ്ഐ സന്തോഷിനെ അന്വേഷണ വിധേയമായി കഴക്കൂട്ടത്തേയ്ക്ക് സ്ഥലം മാറ്റിയത്.