‘ദൈവത്തിന്റെ സ്വന്തം നാട്, ചൂരല്‍മല’; കടൽതാണ്ടി ഭാര്യയെ കാണാനെത്തിയ ജോജോയ്ക്ക് നഷ്ടമായത് തന്റെ പ്രിയതമയെ, ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയും ജീവനായി കണ്ടിരുന്ന വീടും അവളുടെ ജീവനെടുത്തു; നീതു ഇപ്പോഴും കാണാമറയത്ത്
വയനാട്: ‘ദൈവത്തിന്റെ സ്വന്തം നാട്, ചൂരല്‍മല’. ജോജോ എന്ന ബ്ലോഗര്‍ തന്റെ ഡ്രീംസ് എന്ന ബ്ലോഗില്‍ സ്വന്തം നാടിനെപ്പറ്റി കുറിച്ചത് ഇങ്ങനെയാണ്.
എന്നാൽ, ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയിൽ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ജോജോയ്‌ക്ക് നഷ്ടമായത് തന്റെ പ്രിയതമ നീതുവിനെ. ഹൈസ്കൂള്‍ റോഡിലെ അവരുടെ ഉറപ്പുള്ള വീടാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഉരുള്‍പ്പൊട്ടിയപ്പോള്‍ ജോജോയും മാതാപിതാക്കളും മകനും ഭാര്യ നീതുവും എല്ലാം വീട്ടിലുണ്ടായിരുന്നു.
തന്റെ വീടുപോലെ സുരക്ഷിതമായ ഒരു സ്ഥലം വേറെ എവിടെയും ഇല്ലെന്നായിരുന്നു മഴ കനത്തു പെയ്യുമ്പോഴും നീതു വിശ്വസിച്ചത്. എന്നാല്‍, ഉരുള്‍പ്പൊട്ടലില്‍ കാറുള്‍പ്പെടെയുള്ള ഭാരമേറിയ സാധനങ്ങളും ചെളിയും വീട്ടിലേക്ക് ഇരച്ചു കയറിയപ്പോള്‍ ജോജോയ്‌ക്ക് ഒന്നും ചെയ്യാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയാള്‍ മകനെയും പ്രായമേറിയ മാതാപിതാക്കളെയും പിടിച്ച് എങ്ങിനെയോ വാതില്‍ തുറന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും പാലം തകര്‍ന്നിരുന്നു. അപ്പോഴും ഭാര്യ നീതു അവിടെ എവിടെയെങ്കിലും ഉണ്ടാകും എന്നാണ് അയാള്‍ വിശ്വസിച്ചത്.
എന്നാല്‍, നീതു നിന്നിരുന്ന വീടിന്റെ ഒരു ഭാഗം പെട്ടെന്നാണ് പൊട്ടി ത്തകര്‍ന്ന് ഒലിച്ചുപോയത്. ആ ഒഴുക്കില്‍പ്പെട്ട് നീതുവും പോയി. മകനേയും മാതാപിതാക്കളെയും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ശേഷം ഭാര്യ നീതുവിനെ തേടിയിറങ്ങിയ ജോജുവിന് പക്ഷെ ഒരിടത്തും കണ്ടെത്താനായില്ല. വീടാകെ ഒലിച്ചുപോയിരുന്നു.
വീട് നിന്നിരുന്ന സ്ഥലം കണ്ടുപിടിച്ച് തിരഞ്ഞെങ്കിലും നീതുവിനെ കണ്ടെത്താനായില്ല. ഇപ്പോഴും നീതുവിനെ കണ്ടുകിട്ടിയിട്ടില്ല. ജോജോ ഇപ്പോള്‍ സൈന്യവും ദുരിതാശ്വാസപ്രവര്‍ത്തകരും എത്തിക്കുന്ന ഓരോ മൃതദേഹവും പരിശോധിക്കുകയാണ്.