play-sharp-fill
കുറവിലങ്ങാട് നിർമാണത്തിലിരിക്കുന്ന വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ വിദ്യാർത്ഥി; തലയ്ക്കും നടുവിനും പരിക്കേറ്റ അതിരമ്പുഴ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കുറവിലങ്ങാട് നിർമാണത്തിലിരിക്കുന്ന വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ വിദ്യാർത്ഥി; തലയ്ക്കും നടുവിനും പരിക്കേറ്റ അതിരമ്പുഴ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഏറ്റുമാനൂർ: കുറവിലങ്ങാട്ട് നിർമാണത്തിലിരിക്കുന്ന വീടിനു സമീപം ദുരൂഹസാഹചര്യത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ അതിരമ്പുഴ സ്വദേശിയായ കോളജ് വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിരമ്പുഴ വട്ടമുകളേൽ മുഹമ്മദ് അയൂബിന്റെ മകനും പുല്ലരിക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് രണ്ടാം വർഷ കംപ്യൂട്ടർ വിദ്യാർഥിയുമായ മുഹമ്മദ് യാസിനെ(19)യാണ് അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരിക്കുന്നത്. തലയ്ക്കും നടുവിനുമാണ് പരുക്ക്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.


വെള്ളിയാഴ്ച രാത്രി ഒൻപതോടെ, കുറവിലങ്ങാട് കാളികാവ് ഭാഗത്തു നിർമാണം നടക്കുന്ന ഇരുനില വീടിന്റെ മുറ്റത്താണ് മുഹമ്മദിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. കുറവിലങ്ങാട് പൊലീസ് സംഭവസ്ഥലത്തെത്തി. കെട്ടിടത്തിൽ നിന്നു വീണ നിലയിൽ കണ്ടെത്തിയ മുഹമ്മദിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് 6.45 നാണ് സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് മുഹമ്മദ് സ്കൂട്ടറിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. വീടിനു സമീപം റോ‍ഡരികിൽ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. പ്രധാന റോഡിൽ നിന്നു ഉൾ‌ഭാഗത്തേക്കു കയറിയാണ് നിർമാണം നടക്കുന്ന വീട്. ഇവിടെ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ ഉണ്ടായിരുന്നു.

വീടിന്റെ മുകൾഭാഗത്തു പാരപ്പറ്റ് ഇല്ല. മുഹമ്മദ് വീടിന്റെ മുകളിൽ നിന്നു വീണതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ തൊഴിലാളികളും സമീപവാസികളുമാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഇതേസമയം, അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് കാളികാവ് ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ എങ്ങനെയെത്തി എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന മുഹമ്മദ് യാസിൻ സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

മുഹമ്മദ് യാസിന്റെ ടെലിഫോൺ വിശദാംശങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാട്ട് മേഖലയിൽ മുഹമ്മദ് യാസിനു ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. പകൽ സമയത്തു പോലും അങ്ങോട്ടു പോകേണ്ട കാര്യമില്ല. പിന്നെ എന്തിനാണ് മുഹമ്മദ് ഇവിടെ എത്തിയതെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.

കാളികാവ് ഭാഗത്തു എംസി റോഡിൽ നിന്നു 400 മീറ്റർ മാറിയാണ് മുഹമ്മദ് യാസിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കെട്ടി‌ട‌ം. പാലക്കാട് ജോലി ചെയ്യുന്ന കാളികാവ് സ്വദേശി പുതുതായി നിർമിക്കുന്ന കെട്ടിടമാണിത്. വൈകിട്ട് 6.45ന് വീട്ടിൽ നിന്നു ഇറങ്ങിയ മുഹമ്മദ് സ്കൂട്ടർ റോഡരികത്തെ കടയുടെ സമീപം പാർക്ക് ച‌െയ്ത ശേഷം കെട്ടിടത്തിനു സമീപത്തേക്കു നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നു പൊലീസ് പറഞ്ഞു.

കെട്ടിടത്തിന്റെ പടികൾക്കു താഴെയാണ് വീണു കിടന്നത്. ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായതായി പ്രാഥമിക സൂചനയില്ലെന്നും പൊലീസ് പറഞ്ഞു.