play-sharp-fill
മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

 

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 12 വരെയാണ് കസ്റ്റഡി. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസിലാണ് നടപടി. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ടത്.

 

സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.


 

കേസുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സി.ബി.ഐ. ഹാജരാക്കിയത്. മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു.

 

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.