play-sharp-fill
ആറ്റിങ്ങല്‍ ദേശീയപാതയില്‍ മരംവീണു; മരം മറിഞ്ഞുവരുന്നത് കണ്ട് വാഹനങ്ങള്‍ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി, ഒരു മണിക്കൂർ ​​ഗതാ​ഗതം തടസ്സപ്പെട്ടു, മരം വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണതിനാൽ വൈദ്യുതിവിതരണം തകരാറിലായി

ആറ്റിങ്ങല്‍ ദേശീയപാതയില്‍ മരംവീണു; മരം മറിഞ്ഞുവരുന്നത് കണ്ട് വാഹനങ്ങള്‍ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി, ഒരു മണിക്കൂർ ​​ഗതാ​ഗതം തടസ്സപ്പെട്ടു, മരം വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണതിനാൽ വൈദ്യുതിവിതരണം തകരാറിലായി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മരം വീണ് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൂവമ്പാറ പാലത്തിന് സമീപമാണ് മരം വീണത്. അപകടസമയത്ത് റോഡില്‍നിന്ന് വാഹനങ്ങള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം.

പൂവമ്പാറ പി.ഡബ്ല്യൂ.ഡി.റെസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്നുനിന്ന മരമാണ് റോഡിലേയ്ക്ക് മറിഞ്ഞുവീണത്. റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നിരുന്നത്.

കനത്ത മഴപെയ്തുകൊണ്ടിരുന്ന സമയമായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരാരും ഇല്ലായിരുന്നു. വള്ളിപ്പടര്‍പ്പുകളോടുകൂടിയ മരം സാവധാനത്തിലാണ് റോഡിലേയ്ക്ക് മറിഞ്ഞത്. മരം മറിഞ്ഞുവരുന്നത് കണ്ട് വാഹനങ്ങള്‍ വേഗം റോഡില്‍ നിന്ന് മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവാക്കാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരം വീണതിനെ തുടര്‍ന്ന് ദേശീയപാതയുടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതുമൂലം ഒരു മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു.

ആലംകോട് നിന്നും ആറ്റിങ്ങലില്‍ നിന്നും വാഹനങ്ങളെ വഴിതിരിച്ചുവിട്ടാണ് ഗാതഗതം ക്രമീകരിച്ചത്. അരമണിക്കൂര്‍നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഒരുവശത്തേയ്ക്കുള്ള പാത തുറന്നുകൊടുക്കാനായത്.

വൈദ്യുത കമ്പികള്‍ക്കു മുകളിലൂടെയാണ് മരം വീണത്. വൈദ്യുതത്തൂണുകൾ ഒടിഞ്ഞിട്ടുണ്ട്. ഇതുമൂലം പ്രദേശത്തെ വൈദ്യുതിവിതരണവും തകരാറിലായി.