‘അമ്മ’യോടൊപ്പം വീണ്ടും മോഹൻലാൽ, താരസംഘടനയുടെ പ്രസിഡന്റായി മൂന്നാംതവണയും തെരെഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റാവുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്.
കാൽനൂറ്റാണ്ടായ അമ്മയുടെ വിവിധ ഔദ്യോഗിക പദവികളിൽ തുടരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജുപിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വോട്ടവകാശമുള്ള 506 അംഗങ്ങളാണു സംഘടനയിലുള്ളത്. ജൂൺ 3 മുതൽ സംഘടന തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ സ്വീകരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും പത്രിക സമർപ്പിക്കാത്തതിനെ തുടർന്നാണ് മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 30നാണ് സംഘടനയുടെ വാർഷിക പൊതുയോഗം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകുമെന്നാണ് സൂചന. ക്ഷേമപ്രവർത്തനങ്ങൾക്കും ഇൻഷുറൻസിനും പ്രവർത്തനച്ചെലവിനും ഉൾപ്പെടെ 3 കോടി രൂപയെങ്കിലും സംഘടന പ്രതിവർഷം കണ്ടെത്തേണ്ടതുണ്ട്.
സാമ്പത്തികസ്ഥിതി മോശമായ 112 അംഗങ്ങൾക്ക് നിലവിൽ അമ്മ കൈനീട്ടം നൽകുന്നുണ്ട്. പലപ്പോഴും ഈ തുക കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. താരനിശകൾ ഉൾപ്പെടെ നടത്തിയാണു പിടിച്ചുനിൽക്കുന്നത്. സാമ്പത്തിക വരുമാനം ഉയർത്താൻ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങൾ ഇക്കുറിയുണ്ടാകുമെന്നാണു സൂചന.