നീറ്റിലെ ഗ്രേസ് മാര്‍ക്ക്: പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ; റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്നു പരിശോധിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിച്ചു. യുപിഎസ്‌സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.
ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കില്‍ എത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യും. ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളുടെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി യോഗ്യതാ മാനദണ്ഡത്തെ ബാധിച്ചിട്ടില്ലെന്ന് സുബോധ് കുമാര്‍ സിങ് പറഞ്ഞു. ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യുന്നത് പ്രവേശന നടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് പരീക്ഷയില്‍ വന്‍തോതില്‍ ക്രമക്കേടു നടന്നെന്നും അതിനാലാണ് ഇത്രയധികം പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരേ സെന്ററില്‍ നിന്നുള്ള ആറു പേര്‍ക്ക് ഉള്‍പ്പെടെയാണ് 67 പേര്‍ക്ക് ഒ്ന്നാം റാങ്ക് ലഭിച്ചത്.
എന്നാല്‍ പരീക്ഷയില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നാണ് എന്‍ടിഎ അവകാശപ്പെടുന്നത്. പരീക്ഷാ കേന്ദ്രത്ത്ില്‍ മറ്റു കാരണങ്ങളാല്‍ സമയം നഷ്ടമായവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്‍സിഇആര്‍ടി ടെക്‌സറ്റ് ബുക്കിലെ മാറ്റം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കാരണമായിട്ടുണ്ടെന്നും എന്‍ടിഎ പറയുന്നു.