play-sharp-fill
സാധനം വാങ്ങിയ തുക ഫോണ്‍പേ വഴി കൈമാറി; ആലപ്പുഴയില്‍ കടയുടമയുടെ അക്കൗണ്ട് മരവിപ്പിച്ച് മുംബൈ പോലീസ്; പരാതിയുമായി യുവതി

സാധനം വാങ്ങിയ തുക ഫോണ്‍പേ വഴി കൈമാറി; ആലപ്പുഴയില്‍ കടയുടമയുടെ അക്കൗണ്ട് മരവിപ്പിച്ച് മുംബൈ പോലീസ്; പരാതിയുമായി യുവതി

എടത്വാ: വാങ്ങിയ സാധനത്തിന്റെ വില യുവതി ഫോണ്‍പേ വഴി അടിച്ചതിനെത്തുടർന്ന് കടയുടമയുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.

തലവടി പുത്തൻപുരയ്ക്കല്‍ പി.എസ്. സിന്ധുവിന്റെ അക്കൗണ്ടാണ് മുംബൈ പോലീസ് മരവിപ്പിച്ചത്. തലവടിയിലെ സിന്ധുവിന്റെ കടയില്‍ നിന്നു തലവടി സ്വദേശിനിയായ യുവതി വാങ്ങിയ സാധനങ്ങളുടെ വിലയായി 1000 രൂപ ഫോണ്‍പേ വഴി കഴിഞ്ഞമാസം 24-ന് അടച്ചിരുന്നു.


സ്വകാര്യ ബാങ്കിന്റെ തലവടിശാഖയില്‍ അക്കൗണ്ടുള്ള സിന്ധുവിന് മേയ് രണ്ടിന് ബാങ്കില്‍ നിന്ന് ആദ്യ നോട്ടീസ് ലഭിച്ചു. ഫോണ്‍പേ വഴി അയച്ച 1000 രൂപ പിൻവലിക്കാൻ കഴിയില്ലെന്നാണ് ബാങ്കധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറിന് ബാങ്കില്‍ നിന്നു വീണ്ടും നോട്ടീസ് ലഭിച്ചു. നോട്ടീസ് കിട്ടിയതോടെ സിന്ധു പണമയച്ച യുവതിയുമായി ബാങ്കിലെത്തി.
അപ്പോഴാണ് യുവതിയുടെ അക്കൗണ്ടും മരവിപ്പിച്ചതായറിയുന്നത്.

കഴിഞ്ഞ 22-ന് ബാങ്കില്‍ നിന്നു മൂന്നാമത്തെ നോട്ടീസെത്തിയപ്പോള്‍ അറിഞ്ഞത് സിന്ധുവിന്റെ അക്കൗണ്ട് പൂർണമായി മരവിപ്പിച്ചെന്നാണ്. മുബൈ പോലീസിന്റെ നിർദേശ പ്രകാരമാണ് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബാങ്കധികൃതർ അറിയിച്ചതായി സിന്ധു പറഞ്ഞു.

യുവതിയുടെ ഭർത്താവിന് വിദേശത്ത് ജോലിയുണ്ട്. ഭർത്താവ് അയച്ച പണമാണ് ഫോണ്‍പേ വഴി സിന്ധുവിനു കൈമാറിയത്. ഇതേ യുവതി എടത്വായിലെ ഒരു ഇലക്‌ട്രിക് കടയിലും ഫോണ്‍പേ വഴി പണമടച്ചിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടും മരവിപ്പിച്ചതായാണു സൂചന.

സിന്ധു എടത്വാ പോലീസില്‍ തിങ്കളാഴ്ച പരാതി നല്‍കി. ഇത്തരത്തിലുള്ള കേസ് എടത്വാ പോലീസ് ആദ്യമായെടുക്കുന്നതിനാല്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാൻ സിന്ധുവിനോട് നിർദേശിച്ചതിനെത്തുടർന്ന് അതും നല്‍കിയിട്ടുണ്ട്.