play-sharp-fill
രാജ്യസഭാ സീറ്റിനായി സിപിഎമ്മിലും സിപിഐയിലും തിരക്കിട്ട ചർച്ചകള്‍ ; സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ പരിഗണിക്കണമെന്ന വികാരം പാർട്ടിക്കുള്ളില്‍ ശക്തം ; കോട്ടയത്തെ തീപ്പൊരി നേതാവിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കാൻ

രാജ്യസഭാ സീറ്റിനായി സിപിഎമ്മിലും സിപിഐയിലും തിരക്കിട്ട ചർച്ചകള്‍ ; സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ പരിഗണിക്കണമെന്ന വികാരം പാർട്ടിക്കുള്ളില്‍ ശക്തം ; കോട്ടയത്തെ തീപ്പൊരി നേതാവിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ആരായിരിക്കണം എന്നത് സംബന്ധിച്ച്‌ സിപിഎമ്മിലും സിപിഐയിലും തിരക്കിട്ട ചർച്ചകള്‍ ആരംഭിച്ചു.

ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ രണ്ട് സീറ്റുകളാണ് ഇടത് മുന്നണിക്ക് വിജയിക്കാനാകുക. അത് സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാനാണ് നിലവിലെ ധാരണ. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ പരിഗണിക്കണമെന്ന വികാരം പാർട്ടിക്കുള്ളില്‍ ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി സംഘടനയിലും ചാനല്‍ ചർച്ചകളിലും നവമാധ്യമങ്ങളിലും ഒരുപോലെ തിളങ്ങുന്ന ജെയ്കിന് അർഹമായ പാർലമെന്ററി പരിഗണന നല്‍കണമെന്നാണ് കോട്ടയത്തെയും സംസ്ഥാനത്തെയും സിപിഎം നേതൃത്വത്തിന്റെ നിലപാട്. മറ്റ് അത്ഭുതങ്ങളും അടിയൊഴുക്കുകളും ഉണ്ടായില്ലെങ്കില്‍ ജെയ്ക് ഇക്കുറി രാജ്യസഭയിലൂടെ പാർലമെന്റിലെത്തും എന്നും സിപിഎം നേതാക്കള്‍ സൂചിപ്പിക്കുന്നു.

പുതുപള്ളി നിയമസഭാ മണ്ഡലത്തില്‍ തുടർച്ചയായ മൂന്നു പരാജയങ്ങളാണ് സിപിഎമ്മിന് വേണ്ടി ജെയ്ക് സി തോമസ് ഏറ്റുവാങ്ങിയത്. രണ്ടു തവണ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഒടുവില്‍ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോടും പുതുപ്പള്ളിയില്‍ ജെയ്ക് മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. 2016ലെ തെരഞ്ഞെടുപ്പിലാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ആദ്യമായി ജെയ്ക് സി. തോമസ് ഇടത് സ്ഥാനാർഥിയാകുന്നത്.

ആ തെരഞ്ഞെടുപ്പില്‍ 27,092 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി വിജയിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,34,034 വോട്ടില്‍ 71,597 വോട്ട് ഉമ്മൻചാണ്ടിയും 44,505 വോട്ട് ജെയ്ക് സി. തോമസും പിടിച്ചു. 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്കെതിരെ ജെയ്കിനെ വീണ്ടും സ്ഥാനാർഥിയാക്കി സി.പി.എം. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറക്കാൻ ജെയ്കിന് സാധിച്ചു. മുൻ തെരഞ്ഞെടുപ്പിലെ 27,092ല്‍ നിന്നും ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആ‍യാണ് കുറഞ്ഞത്. ആകെ പോള്‍ ചെയ്ത 1,31,797 വോട്ടില്‍ ഉമ്മൻചാണ്ടി 63,372 വോട്ട് പിടിച്ചപ്പോള്‍ ജെയ്ക് 54,328 വോട്ട് നേടി.

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും സിപിഎം നിയോഗിച്ചത് ജെയ്ക് സി തോമസിനെയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി കോണ്‍ഗ്രസ് നിയോഗിച്ചത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയും. ശക്തമായ സഹതാപ തരംഗത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നിഷ്പ്രയാസം വിജയിച്ചെങ്കിലും മികച്ച പ്രകടനം തന്നെയാണ് ജെയ്ക് സി തോമസ് കാഴ്ച്ചവെച്ചത്. ജെയ്ക് സി തോമസ് 42,425 വോട്ടുകള്‍ അന്ന് പിടിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയ ചാണ്ടി ഉമ്മൻ 37719 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

പുതുപ്പള്ളി എന്ന പരമ്ബരാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ അടിത്തട്ടില്‍ നടത്തിയ പ്രവർത്തനങ്ങളും തീപ്പൊരി നേതാവെന്ന പ്രതിച്ഛായയും ജെയ്കിന് പുതുപ്പള്ളിയില്‍ കുറവല്ലാത്തൊരു വോട്ട് ബാങ്കിനെ സ്ഥിരമായി നിലനിർത്താൻ സാധിക്കുന്നുണ്ട് സിപിഎം തിരിച്ചറിയുന്നു. രാജ്യസഭയിലേക്ക് പരിഗണിക്കുമ്ബോഴും ദീർഘകാലാടിസ്ഥാനത്തില്‍ സിപിഎം ലക്ഷ്യമിടുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കുന്ന ജെയ്കിനെയാണ്.

എംപി എന്ന നിലയില്‍ പുതുപ്പള്ളിയില്‍ കൂടുതല്‍ സജീവമാകാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും വികസന പ്രവർത്തനങ്ങള്‍ നടത്താനുമാണ് ജെയ്കിനെ പാർട്ടി നിയോഗിക്കുക. ഫലത്തില്‍ രാജ്യസഭാംഗമെങ്കിലും പുതുപ്പള്ളി എംപി എന്ന നിലയിലായിരിക്കും ജെയ്കിന്റെ പ്രവർത്തനം എന്നാണ് പാർട്ടി നേതാക്കള്‍ തന്നെ പറയുന്നത്.

കോട്ടയത്തെ ക്രിസ്ത്യൻ രാഷ്ട്രീയത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാൻ ജെയ്കിലൂടെ സാധിക്കുമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. തന്റെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതും മാർക്സിസ്റ്റ് പാർട്ടി വിശ്വാസങ്ങള്‍ക്കെതിരാണെന്ന ക്രൈസ്തവ സഭകളുടെ ധാരണ തിരുത്തുന്നതിന്റെ ഭാഗമായിരുന്നു. അടുത്തിടെ വർഗീയ കലാപം രൂക്ഷമായ മണിപ്പൂർ സന്ദർശിച്ചതും ക്രൈസ്തവ വിഭാഗത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള അടവുനയത്തിന്റെ ഭാഗം തന്നെയായിരുന്നു.

വിദ്യാർത്ഥി സംഘടനയിലൂടെയാണ് ജെയ്ക് രാഷ്ട്രീയത്തിലേക്കെത്തുന്നത്. സിപിഎമ്മിന്റെ കേരളത്തിലെ പ്രമുഖ യുവ നേതാക്കളില്‍ ഒരാളാണ് ജെയ്ക്ക് സി തോമസ്. എസ് എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ജെയ്ക്, സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. നിലവില്‍ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ ജെയ്ക്ക് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും അംഗമാണ്. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

മണർകാട് സ്വദേശിയായ ജെയ്‌ക്ക്‌ ഇടക്കാലത്ത് സണ്‍‌ഡേ സ്കൂള്‍ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിനു കീഴിലുള്ള കുഴിപ്പുരയിടം സണ്‍‌ഡേ സ്‌കൂളിലുമായിരുന്നു ജെയ്ക്ക് അധ്യാപകനായിരുന്നത്. കുഴിപ്പുരയിടം സണ്‍‌ഡേ സ്‌ക്കൂളിന്റെ ജോ:സെക്രട്ടറിയായും പ്രാർഥനായോഗത്തിന്റെ സെക്രട്ടറിയുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 8 വർഷം അവിടത്തെ അവധിക്കാല ബൈബിള്‍ പഠന ക്ലാസായ JSVBS അധ്യാപകനുമായിരുന്നു. ഇത്തരത്തില്‍ സഭയുമായുള്ള അടുപ്പം പാർട്ടിക്ക് കോട്ടയത്ത് പ്രയോജനപ്പെടുത്തുക എന്നതാണ് ജെയ്കിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.

അതേസമയം, രാജ്യസഭാ സീറ്റ് സംബന്ധിച്ച്‌ മറ്റു ചില പേരുകളും സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. അതിലൊന്ന് ചിന്താ ജെറോമാണ്. എം വി നികേഷ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന നിർദ്ദേശം കണ്ണൂർ ലോബിയും ഉയർത്തുന്നുണ്ട്. മാധ്യമ രംഗത്തെ തീപ്പൊരികളായ ബ്രിട്ടാസും നികേഷ് കുമാറും പാർലമെന്റിലുണ്ടെങ്കില്‍ പ്രതിപക്ഷ ധർമ്മം സിപിഎമ്മിന് ഏറ്റെടുക്കാനാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നത്.