അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞു വീണ് യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി.ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി.അനിൽ (29) ആണു മരിച്ചത്. ദുബായിലേക്ക് പോകാൻ അച്ഛനോടും അമ്മയോടും യാത്ര ചോദിച്ച് ഇറങ്ങിയതിന് പിന്നാലെയാണ് മരണം.
ആലപ്പുഴ ചാരംമൂട്ടിൽ ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം. സ്വരൂപ് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്‌നറായ സ്വരൂപ് മൂന്നു മാസമായി നാട്ടിലുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം 30ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. 11.30ന് ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്‌കാരം. സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിങ് പാർട്‌നർ). വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്റർനാഷനൽ അഫയേഴ്‌സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.