play-sharp-fill
മഴ നനഞ്ഞ് വനസൗന്ദര്യം ആസ്വദിക്കാം, ട്രക്കിങിന് ഒരുങ്ങി കേരളത്തിലെ ഏക മയിൽ സങ്കേതം ; അറിഞ്ഞിരിക്കാം ചൂലനൂരിനെ കുറിച്ച്

മഴ നനഞ്ഞ് വനസൗന്ദര്യം ആസ്വദിക്കാം, ട്രക്കിങിന് ഒരുങ്ങി കേരളത്തിലെ ഏക മയിൽ സങ്കേതം ; അറിഞ്ഞിരിക്കാം ചൂലനൂരിനെ കുറിച്ച്

പാലക്കാട് : ജൂണ്‍ ആദ്യവാരം മുതല്‍ ചൂലനൂർ മയില്‍സങ്കേതത്തില്‍ ആദ്യമായി ട്രക്കിങ് ആരംഭിക്കുന്നു. ഇതോടെ കേരളത്തിലെ ഏക മയില്‍സങ്കേതത്തിലൂടെ എട്ടുകിലോമീറ്റർ നടന്ന് വനസൗന്ദര്യം ആസ്വദിക്കാം.

ചിലമ്ബത്തൊടി, ആനടിയൻപാറ, വാച്ച്‌ടവർ, ആയക്കുറുശ്ശി എന്നിങ്ങനെ നാല് ട്രക്കിങ്ങുകളാണ് വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ടുമണിക്കൂറില്‍ രണ്ടുകിലോമീറ്റർ യാത്രയുള്ള ചിലമ്ബത്തൊടി ട്രക്കിങ്ങിന് ആറുപേർക്ക് 600 രൂപയാണ് നല്‍കേണ്ടത്. നാലുകിലോമീറ്റർ മൂന്നുമണിക്കൂറില്‍ യാത്രയാണ് ആനടിയൻപാറയിലേക്ക്. മൂന്നുപേർക്ക് 900 രൂപയാണ് നിരക്ക്. നാലുമണിക്കൂറില്‍ അഞ്ചുകിലോമീറ്റർ നടന്നാല്‍ വാച്ച്‌ ടവറിലെത്താം. മൂന്നുപേർക്ക് 1,200 രൂപയാണ് നിരക്ക്. ഏറ്റവും ദൂരം കൂടിയ ആയക്കുറുശ്ശിയിലെത്താൻ ആറുമണിക്കൂറില്‍ എട്ടുകിലോമീറ്റർ നടക്കാം. മൂന്നുപേർക്ക് 1,800 രൂപയാണ് നിരക്ക്.

എല്ലാ യാത്രകള്‍ക്കൊപ്പവും വനംവകുപ്പ് വാച്ചർ കൂടെയുണ്ടാകും. പ്രധാന കേന്ദ്രങ്ങളിലെത്തുമ്ബോള്‍ പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ പ്രദേശത്തിന്റെയും മറുഭാഗത്ത് ചേലക്കര, പഴയന്നൂർ പ്രദേശത്തിന്റെയും വലിയൊരുഭാഗം ഉയരത്തില്‍നിന്ന് കാണാനാകും, കൂടാതെ, മുനിയറയും തടയണയും വലിയപാറകളും കാണം. വിവിധതരം പക്ഷികള്‍, മയിലുകള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ കാഴ്ചയും ലഭിക്കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1997-ല്‍ ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന കാലത്താണ് ചൂലനൂർ മയില്‍സങ്കേതം രൂപവത്കരിച്ചത്. തൃശ്ശൂർ, പാലക്കാട് ജില്ലകളിലായിട്ടാണ് സങ്കേതം സ്ഥിതിചെയ്യുന്നത്. 202 ഹെക്ടർ പാലക്കാട് ആലത്തൂർ റേഞ്ചിലും 140 ഹെക്ടർ തൃശ്ശൂർ വടക്കാഞ്ചേരി റേഞ്ചിലുമാണ്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുപ്രകാരം ഇവിടെ അഞ്ഞൂറിലധികം മയിലുകളുണ്ട്.